കോഴിക്കോട്ടെ ഹണിട്രാപ്പ്; വ്യവസായിയിൽനിന്ന്‌ 59 ലക്ഷം തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് നഗർകോവിൽ നിന്ന്


കോഴിക്കോട്‌: പ്രവാസി വ്യവസായിയെ ഹണിട്രാപ്പിൽ കുടുക്കി 59 ലക്ഷം രൂപയും കാറും സ്വർണവും തട്ടിയ കേസിൽ ഒരാൾകൂടി അറസ്റ്റിൽ. ഒന്നാം പ്രതി സിന്ധുവിന്റെ ഭർത്താവ്‌ കൂത്തുപറമ്പ്‌ സ്വദേശി നിധിൻ നന്ദ (38) നെയാണ്‌ നടക്കാവ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. നാഗർകോവിലിൽനിന്ന്‌ കോഴിക്കോട്ടെത്തിച്ചാണ്‌ ഇയാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തിയത്‌.

കേസിൽ രണ്ടാം പ്രതിയായ നന്ദനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനുള്ള തയ്യാറെടുപ്പിലാണ്‌ പൊലീസ്‌. സിന്ധുവിന്‌ പുറമെ പെരുമണ്ണ സ്വദേശി കെ ഷനൂബ്‌, ഫാറൂഖ്‌ കോളേജ്‌ സ്വദേശി ശരത്‌ കുമാർ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

ഫോണിലൂടെ പരിചയപ്പെട്ട വ്യവസായിയെ സിന്ധുവിന്റെ നേതൃത്വത്തിൽ ഹണിട്രാപ്പിൽ കുടുക്കി പണം കവർന്നുവെന്നാണ്‌ കേസ്‌. കോഴിക്കോട്ടാരംഭിക്കുന്ന ബ്യൂട്ടി പാർലറിൽ പങ്കുചേർക്കാമെന്ന്‌ വാഗ്‌ദാനം നൽകിയാണ്‌ 59 ലക്ഷം രൂപ തട്ടിയത്‌. കഴിഞ്ഞ ഫെബ്രുവരി 23ന് വ്യാപാര കരാറിൽ ഒപ്പുവയ്‌ക്കാനെന്നതരത്തിൽ സംഘം കാരപ്പറമ്പിലെ ഫ്ലാറ്റിലേക്ക്​ വിളിച്ചുവരുത്തി മർദിച്ചവശനാക്കിയശേഷം നഗ്നനാക്കി സിന്ധുവിനൊപ്പം നിർത്തി ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തുകയായിരുന്നു.

ഇതോടെയാണ്‌ വ്യവസായി പൊലീസിൽ പരാതിനൽകിയത്‌. വ്യവസായിയുടെ കാറും സംഘം തട്ടിയെടുത്തിരുന്നു. അഞ്ചുപവന്റെ സ്വർണമാല ഇനിയും കണ്ടെടുത്തിട്ടില്ല.
കോടതിയിൽ ഹാജരാക്കിയ നിധിനെ റിമാൻഡ്‌ ചെയ്‌തു. തിങ്കളാഴ്‌ച കസ്‌റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാനാണ്‌ പൊലീസ്‌ ആലോചിക്കുന്നത്‌.