കോഴിക്കോട്ടെ ഫുട്ബോൾ മൈതാനങ്ങളെ ആവേശം കൊള്ളിച്ച ഫുട്ബോള്‍ താരം ടി.വി. അബ്ദുഷുക്കൂര്‍ അന്തരിച്ചു


കോഴിക്കോട്: കോഴിക്കോടിനെ ആവേശം കൊള്ളിച്ച പ്രമുഖ ഫുട്‌ബോള്‍ താരം ടി.വി അബ്ദുഷുക്കൂര്‍ അന്തരിച്ചു. നാല്‍പ്പത്തിനാല് വയസായിരുന്നു. പനി ബാധിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രാവിലെ 9:30 ഓടെയാണ് അന്ത്യം സംഭവിച്ചത്. മയ്യത്ത് കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി.

കോഴിക്കോട് ജില്ലാ ഫുട്ബോള്‍ ലീഗില്‍ യുവ ഭാവനയ്ക്ക് വേണ്ടി 10 വര്‍ഷത്തിലേറെ കളിച്ച ഷുക്കൂര്‍, ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റുകളിലും ഏറെ തിളങ്ങിയ താരമാണ്. 2010-ല്‍ എറണാകുളത്ത് നടന്ന കേരളോത്സവം ഫുട്ബോളില്‍ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഗോളടിക്കുന്നതിലെ മികവിന്റെ പേരിലാണ് മലബാറിലെ ഫുട്ബോള്‍ മൈതാനങ്ങളില്‍ ഷുക്കൂര്‍ അറിയപ്പെട്ടിരുന്നത്. സെവന്‍സ്, ഫൈവ്സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ ട്രൈ സ്റ്റാര്‍ കോതിക്ക് ഒരുപാട് ട്രോഫികള്‍ നേടികൊടുത്തിട്ടുണ്ട്.

നൈനാംവളപ്പ് ടി.വി ഹൗസില്‍ പരേതനായ ടി.വി മമ്മത് കോയയുടെയും ആയിഷബിയുടെയും മകനാണ്. ഭാര്യ ബീവിജാന്‍. മക്കള്‍ മുഹമ്മദ് ഇര്‍ഫാന്‍, ആയിശ നസ് വ, ഫാത്തിമ ദുഅ. മൂവരും വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: ടി.വി അസ്സന്‍ കോയ, ഫനീഫ, ഫാറൂഖ് മാസ്റ്റര്‍, പരേതയായ ഖദീജ, ഹഫ്‌സത്ത്, ഹൈറുന്നിസ.

സെന്‍ട്രല്‍ മാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്ന ഷുക്കൂര്‍ കടുത്ത അര്‍ജന്റീന ഫുട്ബോള്‍ ആരാധകനായിരുന്നു. അബ്ദു ഷുക്കൂറിന്റെ വിയോഗത്തില്‍ നൈനാംവളപ്പ് ഫുട്ബോള്‍ ഫാന്‍സ് അസോസിയേഷന്‍ (എന്‍ഫ) അനുശോചനം രേഖപ്പെടുത്തി.