ഹലാല്‍ വേണ്ടവര്‍ക്ക് ഹലാല്‍, പന്നി വേണ്ടവര്‍ക്ക് പന്നി: കോഴിക്കോട് ഡി.വൈ.എഫ്.ഐയുടെ ഫുഡ് സ്ട്രീറ്റ് (വീഡിയോ കാണാം)


കോഴിക്കോട്: ബീഫും കോഴിയിറച്ചിയും പന്നിയിറച്ചിയും ഉള്‍പ്പെടെ ഹലാല്‍ ആയതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ വിളമ്പി ഭക്ഷണസ്വാതന്ത്ര്യത്തിന്റെ വിളംബരമായി ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ഫുഡ് സ്ട്രീറ്റ്. വര്‍ഗീയതക്കെതിരെ സമരമാവുക എന്ന മുദ്രാവാക്യമുയര്‍ത്തി ഭക്ഷണത്തില്‍ മതം കലര്‍ത്തുന്ന സംഘപരിവാര്‍ രാഷ്ട്രീയത്തിനെതിരെ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിന്റെ ഭാഗമായാണ് കോഴിക്കോടും പ്രതിഷേധം നടന്നത്.

കോഴിക്കോട്ടെ ഫുഡ് സ്ട്രീറ്റില്‍ ഹലാല്‍ ഭക്ഷണം മാത്രമാണ് വിളമ്പിയതെന്ന തരത്തില്‍ സംഘപരിവാര്‍ പ്രചരണങ്ങളുണ്ട്. ജനം ടി.വി പോലുള്ള മാധ്യമങ്ങള്‍ ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ കോഴിക്കോട്ട് ലഭ്യമായ എല്ലാതരം ഭക്ഷണ സാധനങ്ങളും ഫുഡ് സ്ട്രീറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്നും അവിടെ ഏറ്റവുമധികം ഡിമാന്റുണ്ടായിരുന്ന ഭക്ഷണസാധനങ്ങളിലൊന്ന് പന്നിയിറച്ചിയായിരുന്നെന്നും ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


ബീച്ച് പരിസരത്ത് (ഫ്രീഡം സ്‌ക്വയറില്‍) വൈകുന്നേരമായിരുന്നു കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് നടന്നത്. പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്. കെ സജീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന പത്ര പ്രവര്‍ത്തക യൂണിയന്‍ വൈസ് പ്രസിഡന്റ് പി.വി കുട്ടന്‍ മുഖ്യാതിഥിയായി. മിഠായി തെരുവിന്റെ മധുരവും കോഴിക്കോടന്‍ ബിരിയാണിയും ഫുഡ് സ്ട്രീറ്റിന് രുചി പകര്‍ന്നു. പരിപാടിയില്‍ ജില്ലാ സെക്രട്ടറി വി. വസീഫ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എല്‍.ജി ലിജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഷിജിത്ത്, പി.സി ഷൈജു, പി.കെ അജീഷ്, പിങ്കി പ്രമോദ്, ആര്‍ ഷാജി, ഫഹദ് ഖാന്‍, വൈശാഖ് എന്നിവര്‍ സംസാരിച്ചു.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.