കോഴിക്കോടിന്റെ അഴുക്കെന്ന ചീത്തപ്പേര് മാറും; കനോലി കനാല്‍ അഭിമാനമാക്കി ഉയര്‍ത്താനുള്ള പുതുപദ്ധതി ഒരുങ്ങുന്നു
കോഴിക്കോട്: കനോലി കനാലെന്നു കേള്‍ക്കുമ്പോള്‍ കോഴിക്കോട്ടുകാരുടെ മനസില്‍ ആദ്യം ഓടിയെത്തുക അഴുക്കുനിറഞ്ഞ കറുത്ത നിറത്തിലുള്ള വെള്ളമാണ്. എന്നാല്‍ ആ കാഴ്ച മാറാന്‍ പോകുകയാണ്. മനോഹരമായ കാഴ്ചകളും ജലഗതാഗത സൗകര്യവുമുള്ള വിനോദസഞ്ചാര കേന്ദ്രമായി കനോലി കനാലിനെ മാറ്റിയെടുക്കാനുളള പദ്ധതികള്‍ ഒരുങ്ങുകയാണ്.
കോഴിക്കോട് കനാല്‍ സിറ്റി പദ്ധതി എന്ന പേരില്‍ വിശദമായ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനായി ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. പത്തിലേറെ കമ്പനികള്‍ സന്നദ്ധത പ്രകടിപ്പിച്ച് അപേക്ഷ നല്‍കി. അടുത്ത ദിവസം നടക്കുന്ന യോഗത്തില്‍ ഏതു കമ്പനിക്കാണ് കരാര്‍ കൊടുക്കേണ്ടതെന്ന് തീരുമാനിക്കും.
കേരള വാട്ടര്‍വെയ്‌സ് ആന്റ് ഇന്‍ഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കനാല്‍വഴി ജലഗതാഗതത്തിനുള്ള എസ്.പി.വി കമ്പനിയാണ് ക്വില്‍.
നവീകരണത്തിന്റെ ഭാഗമായി 2019ല്‍ ക്വില്ലിന്റെ നേതൃത്വത്തില്‍ കനാലിലെ ചളി നീക്കിയിരുന്നു. ജലപാതയൊരുക്കുക, കനാലിലേക്ക് മലിനജലമൊഴുകുന്നത് തടയുക, കനാലോരത്തെ പാതകളും പാലങ്ങളും നവീകരിക്കുക, ടൗണിലെ വെള്ളക്കെട്ടിന് പരിഹാരം കാണുക എന്നിവയെല്ലാം ഉള്‍പ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കുക.
ആഗോള പരിചയമുണ്ടോയെന്ന് പരിശോധിച്ചാണ് കണ്‍സല്‍ട്ടന്‍സിയെ തീരുമാനിക്കുക. കണ്‍സള്‍ട്ടന്‍സിയെ തീരുമാനിച്ചാല്‍ ഉദ്യോഗസ്ഥര്‍ കോഴിക്കോട് എത്തി കാര്യങ്ങള്‍ പഠിക്കും. വീതികൂട്ടല്‍, ഭൂമിയേറ്റെടുക്കല്‍ എന്നിവയെല്ലാം സാധ്യതാ പഠനത്തിനുശേഷമേ വ്യക്തമാവുകയുള്ളൂ.
മലിനജലം സംസ്‌കരിച്ച് അവശിഷ്ടം വളമാക്കി ഉപയോഗിക്കാനുള്ള സാധ്യതയും ആരായും. കോര്‍പ്പറേഷന്‍, മറ്റ് ഏജന്‍സികള്‍ എന്നിവയെല്ലാം കൂട്ടിച്ചേര്‍ത്തായിരിക്കും പദ്ധതിയെന്ന് ചീഫ് എഞ്ചിനിയര്‍ എസ്. സുരേഷ് കുമാര്‍ അറിയിച്ചു.