കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേര്; അഭിപ്രായസമന്വയത്തിലൂടെ തീരുമാനിക്കുമെന്ന് കെ.ദാസന്‍ എം.എല്‍.എ


കോഴിക്കോട്: കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടുന്ന കാര്യത്തില്‍ അഭിപ്രായസമന്വയത്തിലൂടെ തീരുമാനമെടുക്കണമെന്ന് കൊയിലാണ്ടി എം.എല്‍.എ. കെ. ദാസന്‍ അഭിപ്രായപ്പെട്ടു. കേളപ്പജിയുടെ പേരില്‍ ജില്ലയില്‍ സ്മാരകങ്ങളൊന്നുമില്ലെന്നത് പരിഗണിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

പാലം പൂര്‍ത്തിയാവുമ്പോള്‍ കേളപ്പജിയുടെ പേരിടണമെന്ന ആവശ്യം ജില്ലാഭരണകൂടവും മന്ത്രിയുമൊക്കെ പരിശോധിക്കണം. പ്രാദേശികമായ അഭിപ്രായങ്ങള്‍കൂടി പരിഗണിച്ചുവേണം തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ യാത്രാദുരിതം തിരിച്ചറിഞ്ഞാണ് ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായിരിക്കെ കേളപ്പജി പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. സ്വന്തം പേര് എവിടെയും രേഖപ്പെടുത്താത്ത അദ്ദേഹത്തിന്റെ മാതൃക തലമുറകള്‍ക്ക് പരിചയപ്പെടുത്തണം. പാലത്തിന് അദ്ദേഹത്തിന്റെ പേരുനല്‍കുന്നത് അതിന് സഹായകമാണെന്നും കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ. എ. പ്രദീപ്കുമാര്‍ പറഞ്ഞു. അതിനാല്‍ കോരപ്പുഴ പാലത്തിന് കേളപ്പജിയുടെ പേരിടണമെന്ന ആവശ്യം തികച്ചും ന്യായമാണെന്ന് അദ്ദേഹം പറഞ്ഞു.

പണിപൂര്‍ത്തിയാക്കിയ കോരപ്പുഴ പാലത്തിന് കേരളഗാന്ധി കേളപ്പജിയുടെ പേര് നല്‍കണമെന്ന് സമതാ വിചാരകേന്ദ്രം സംസ്ഥാന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ പേരില്‍ വേറെ സ്മാരകമില്ലാത്തതിനാല്‍ ഈ നാമകരണം ഉചിതമായ ചരിത്ര സംഭവമാകുമെന്ന് സമിതി അഭിപ്രായപ്പെട്ടു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക