കോരപ്പുഴ പാലംവഴി ബസ്സുകൾ വ്യാഴാഴ്ച മുതൽ ഓടിത്തുടങ്ങും


കൊയിലാണ്ടി: ഉദ്ഘാടനം കഴിയുന്നതോടെ ദേശീയ പാത വഴി വരുന്ന ബസ്സുകൾ വ്യാഴാഴ്ച മുതൽ കോരപ്പുഴ പാലത്തിലൂടെ ഓടിത്തുടങ്ങും. വലിയങ്ങാടിയിലേക്ക് വരുന്ന വാഹനങ്ങൾ ഒഴികെ ചരക്കുവാഹനങ്ങൾ ബൈപ്പാസിലൂടെ തന്നെ കടന്നു പോകും. എലത്തൂരിലെ പഞ്ചിങ് സ്റ്റേഷന്റെ പ്രവർത്തനം തുടർന്നുള്ള ദിവസങ്ങളിൽ പുനരാരംഭിക്കും.

പാലം തുറന്നാൽ ബസുകളും മറ്റ് വാഹനങ്ങളും വലിയങ്ങാടിയിലേക്ക് വരുന്ന ചരക്കു വാഹനങ്ങളും കോരപ്പുഴ പാലത്തിലൂടെ കടന്നുപോവുമെന്ന്‌ നോർത്ത് അസി.കമ്മിഷണർ (ട്രാഫിക്) പി.കെ.രാജു പറഞ്ഞു. മറ്റ് ചരക്ക് വാഹനങ്ങൾ ബൈപ്പാസ് വഴിയാണ് പോവുക.നിർമാണം പൂർത്തിയായ കോരപ്പുഴ പാലം ബുധനാഴ്ച തുറക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ക്രമീകരണം വരുത്തിയതായി അദ്ദേഹം പറഞ്ഞു.

നിത്യേന ചെറുതും വലുതുമായ ഏതാണ്ട് 45,000 വാഹനങ്ങൾ ബൈപ്പാസിലൂടെ കടന്നുപോകുന്നുണ്ടെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണക്ക്. പഴയപാലം പൊളിച്ച 2018 ഡിസംബർ മുതൽ വാഹന ഗതാഗതം ബൈപ്പാസിലൂടെയായിരുന്നു.

കോരപ്പുഴ പാലം തുറന്നാലും ബൈപ്പാസിലൂടെയുള്ള ബസ് സർവീസ് നിലനിർത്തണമെന്നാവശ്യവും ശക്തമാണ്. ഹ്രസ്വദൂര ബസുകളെങ്കിലും ബൈപ്പാസിലൂടെ സർവീസ് നടത്തണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്. ബൈപ്പാസ് വഴി ബസ് സർവീസ് നിലനിർത്തുന്നതിനായി ആർ.ടി.ഒ യെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാർ.