കോണ്‍ഗ്രസില്‍ വീണ്ടും രാജി; കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി.രതികുമാര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു


തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വീണ്ടും രാജി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജി രതികുമാര്‍ രാജിവച്ച് സി.പി.എമ്മില്‍ ചേര്‍ന്നു. അല്‍പ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാവ് രതികുമാര്‍ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി കെപിസിസി ജനറല്‍ സെക്രട്ടറിയായിരുന്നു രതികുമാര്‍ അതിന് മുമ്പ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.

കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ കോടിയേരി ബാലകൃഷ്ണന്‍ സൂചന നല്‍കിയിരുന്നു.

സി.പി.എം കൊല്ലം ജില്ലാ സെക്രട്ടറി സുധേവന്‍ ഒപ്പമെത്തിയ രതികുമാറിനെ കോടിയേരി ബാലകൃഷ്ണന്‍ ചുവന്ന ഷാല്‍ അണിയിച്ച് സ്വീകരിച്ചു. കോണ്‍ഗ്രസ് വിട്ടെത്തിയ രതികുമാറിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസ് ഉപ്പ് ചാക്ക് വെള്ളത്തില്‍ വെച്ച പോലെ ഇല്ലാതാകുകയാണെന്ന് പരിഹസിച്ച കോടിയേരി സി.പി.എം, വരുന്ന എല്ലാവര്‍ക്കും വാതില്‍ തുറന്ന് കൊടുക്കില്ലെന്നും ആളുകളെ നോക്കിയാണ് പരിഗണിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ ചരിത്രത്തിലാദ്യമായി ജനറല്‍ സെക്രട്ടറിമാര്‍ കോണ്‍ഗ്രസ് പാര്‍ട്ടിവിടുന്ന സ്ഥിതിയാണ്. അവര്‍ സി.പി.എമ്മിലേക്ക് ആക്യഷ്ട്ടരാകുകയാണ്. സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന തിരിച്ചറിവുണ്ടാകുകയാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. സിപിഎമ്മിലേക്ക് പോയതിന് വിമര്‍ശിക്കുന്ന കോണ്‍ഗ്രസിലെ നേതാക്കള്‍ ബി.ജെ.പിയിലേക്കാണ് പോയതെങ്കില്‍ വിമര്‍ശിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ഇടത് മുന്നണിയുടെ ബഹുജന അടിത്തറ വിപുലപ്പെടുത്താന്‍ ആലോചനയുണ്ടെന്ന് വ്യക്തമാക്കിയ കോടിയേരി എന്നാല്‍ ആര്‍.എസ്.പി തല്ക്കാലം വിശ്രമിക്കട്ടെയെന്നാണ് തങ്ങളുടെ നിലപാടെന്നും അവരുമായി ചര്‍ച്ചക്ക് മുന്‍കൈ എടുക്കില്ലെന്നുമായിരുന്നു മറുപടി.