കോണ്‍ഗ്രസിന്റെ ശക്തിപ്രകടനമായി കൊയിലാണ്ടിയിലെ ജനജാഗരണ്‍ യാത്ര; നരേന്ദ്രമോദിയുടെത് ബ്രിട്ടീഷുകാരുടെ അതേ തന്ത്രമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍
കൊയിലാണ്ടി: നികുതി ഭീകരതക്കെതിരെയും കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതി രെയും അഖിലേന്ത്യാ കോൺഗ്രസ് കമ്മറ്റി പ്രഖ്യാപിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ നടന്ന ജനജാഗരൺ യാത്ര ആവേശമായി. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം ചിറയോരത്തുള്ള മഹാത്മാഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണ് യാത്ര തുടങ്ങിയത്.
സ്വാതന്ത്ര്യ സമര സേനാനി എം.കെ. കൃഷ്ണനിൽ നിന്ന് എ.ഐ.സി.സി. ജന: സെക്രട്ടറി താരിഖ് അൻവർ പതാക ഏറ്റുവാങ്ങി. കേരളഗാന്ധി കെ. കേളപ്പൻ്റെ ജന്മദേശമായ മുചുകുന്നിൽ സമാപിച്ച യാത്രയിൽ സേവാദൾ വൊളൻ്റിയർമാരും വനിതകളുൾപ്പെടെ നിരവധി പ്രവർത്തകർ അണിനിരന്നു.
രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിച്ച് ഇന്ത്യ ഭരിച്ച ബ്രീട്ടീഷുകാരുടെ അതേ തന്ത്രമാണ് നരേന്ദ്രമോദി സർക്കാറും സ്വീകരിക്കുന്നതെന്ന് താരീഖ് അൻവർ പറഞ്ഞു. ഇന്ത്യയിലെ വിവിധ സമുദായങ്ങളെയും വിവിധ ജനവിഭാഗങ്ങളെയും തമ്മിലടിപ്പിച്ച് നടത്തുന്ന ഫാസിസ്റ്റ് ഭരണമാണ് നരേന്ദ്രമോധി നടത്തുന്നത്. സാധാരണക്കാരും വീട്ടമ്മമാരും വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന ഈ കോവിഡ് കാലത്ത് അവർക്ക് ആശ്വാസം പകരുന്നതിന് പകരം പെട്രോളിയം ഉൽപ്പനങ്ങളുടെ നികുതി വർദ്ധിപ്പിച്ച് ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന നടപടിയാണ് കേന്ദ്ര-കേരള സർക്കാരുകൾ പിന്തുടരുന്നത്. ദേശീയ കർഷക സമരത്തിനു മുൻപിൽ മുട്ടുമടക്കിയ നരേന്ദ്ര മോദിക്ക് ഇന്ധന വിലവർദ്ധനവിന് എതിരായായ സമരത്തിനു മുൻപിലും പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐസി.സി വക്താവ് ഷമ മുഹമ്മദ്, കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. ഇബ്രാഹിം, പി.എം. നിയാസ്, കെ. ജയന്ത്, ഭാരവാഹികളായ ഡി.സി.സി. പ്രസിഡൻ്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ കെ.എം. അഭിജിത്ത്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ ഉപാധ്യക്ഷ വിദ്യാ ബാലകൃഷ്ണൻ, മുൻ ഡി.സി.സി. പ്രസിഡൻ്റുമാരായ യു. രാജീവൻ, കെ.സി. അബു തുടങ്ങിയവർ നേതൃത്വം നൽകി.
ജാഥയിലെത്തിയ നേതാക്കൾ മുചുകുന്നിലെ പാർട്ടി പ്രവർത്തകരുടെ വീടുകളിൽ അന്തിയുറങ്ങും. തിങ്കളാഴ്ച പ്രഭാതഭേരിക്ക് ശേഷം സമൂഹത്തിലെ നാനാതുറയിൽപ്പെട്ട ആളുകളുടെ പ്രതിനിധികളുമായി താരിഖ് അൻവർ സംസാരിക്കും.