കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘര്‍ഷം; എം.പി വി.കെ ശ്രീകണ്ഠനെ പൊലീസ് തടഞ്ഞു (വീഡിയോ കാണാം)
പാലക്കാട്: ഇന്ധനവില വര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസ് പാലക്കാട് നടത്തിയ ചക്രസ്തംഭന സമരത്തിനിടെ സംഘര്‍ഷം. പാലക്കാട് സുല്‍ത്താന്‍പേട്ട് ജങ്ഷനിലാണ് സംഘര്‍ഷം ഉണ്ടായത്. എം.പി വി.കെ ശ്രീകണ്ഠന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.
നാല് റോഡുകള്‍ ചേരുന്ന സുല്‍ത്താന്‍പേട്ട് ജങ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാനാവില്ലെന്ന് പോലീസ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ തങ്ങള്‍ നിശ്ചയിച്ച സ്ഥലം ഇതാണെന്നും സമരം നടത്തുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. ഇതാണ് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ രീതിയില്‍ ഉന്തും തള്ളിലേക്ക് നയിച്ചത്. വി.കെ. ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സമരത്തില്‍ പങ്കെടുക്കാനായി സ്ഥലത്തെത്തിയിരുന്നു.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.
പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ നികുതി കുറച്ച കേന്ദ്രം എല്ലാ സംസ്ഥാനങ്ങളും വില കുറക്കണം എന്ന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്‍ഡിഎ ഭരിക്കുന്ന പതിനേഴ് സംസ്ഥാനങ്ങളില്‍ വില കുറച്ചു. യുപിയും ഹരിയാനയും 12 രൂപ കുറച്ചു എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും ആകെ പന്ത്രണ്ടാണ് കുറഞ്ഞതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
എന്‍.ഡി.എ ഭരിക്കുന്ന സംസ്ഥാനങ്ങളല്ലാതെ ഒഡീഷയും പഞ്ചാബും മാത്രമാണ് വില കുറച്ചത്. ജമ്മു കശ്മീര്‍, ചണ്ഡീഗഡ്, ലഡാക്ക്, പുതുച്ചേരി, ലക്ഷദ്വീപ്, ദാദ്രാനഗര്‍ ഹവേലി, ദാമന്‍ ദിയു എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളും വില കുറച്ചു. കേരളത്തെ കൂടാതെ മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ വില കുറക്കാന്‍ തയ്യാറല്ലെന്ന നിലപാടിലാണ്. വില കുറയ്ക്കാന്‍ പ്രതിപക്ഷ സംസ്ഥാനങ്ങള്‍ തയ്യാറാകാത്തത് രാഷ്ട്രീയ വിഷയമായി ഉയര്‍ത്താനാണ് ബി.ജെ.പി തീരുമാനം.