കോട്ടയത്ത് പൃഥ്വിരാജ് ചിത്രം കടുവയുടെ ഷൂട്ടിംഗ് തടഞ്ഞ് യൂത്ത് കോണ്‍ഗ്രസ്; ഒടുക്കം തമ്മിലടി (വീഡിയോ കാണാം)
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സിനിമാ ഷൂട്ടിങ് സെറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചിനിടെ വന്‍ തമ്മിലടി. ഷൂട്ടിങ്ങിനിടെ വഴിതടയുന്നു എന്നാരോപിച്ചാണ് ഒരു വിഭാഗം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്താനെത്തിയത്. ഇതിനിടെ മറ്റൊരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിരോധിക്കാനായി എത്തിയതോടെ സംഘര്‍ഷത്തിലേക്ക് നീങ്ങുകയായിരുന്നു. പ്രതിഷേധിക്കാനായി പൊന്‍കുന്നത്ത് നിന്നെത്തിയ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞത് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള യൂത്ത്‌കോണ്‍ഗ്രസുകാരാണ്.
കൊച്ചിയിലെ വിവാദമായ വഴിതടയല്‍ സമരത്തിന്റെ തുടര്‍ച്ചയായാണ് ഇവിടെയും സമരമുണ്ടായത്. കാഞ്ഞിരപ്പള്ളിയില്‍ പൃഥ്വിരാജ് നായകനായ ‘കടുവ’ സിനിമയുടെ ഷൂട്ടിങ്ങിനായി റോഡ് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് പൊന്‍കുന്നം ഭാഗത്ത് നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. ജോജു ജോര്‍ജിനെതിരായ മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ജോജു ജോര്‍ജ് ഈ സിനിമയില്‍ അഭിനയിക്കുന്നില്ല. പക്ഷെ റോഡ് റോഡ് തടസ്സപ്പെടുത്തുന്ന സിനിമാ ഷൂട്ടിങ്ങുകള്‍ തടയും എന്നുള്ള യൂത്ത് കോണ്‍ഗ്രസ് നിലപാടിന്റെ ഭാഗമായായിരുന്നു മാര്‍ച്ച്. എന്നാല്‍ കാഞ്ഞിരപ്പള്ളിയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറച്ച് ദിവസങ്ങളായി സിനിമ പ്രവര്‍ത്തകര്‍ക്ക് സംരക്ഷണം എന്ന നിലയില്‍ പ്രദേശത്ത് ഉണ്ടായിരുന്നു. ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളും ഷൂട്ടിങ്ങിനോട് സഹകരിക്കുന്നുണ്ടായിരുന്നു.
പൊന്‍കുന്നത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇത് ഉന്തുംതള്ളിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചു. പിന്നീട് പോലീസെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. ഷൂട്ടിങ് റോഡ് തടസ്സപ്പെടുത്തുന്നു എന്ന തെറ്റിദ്ധാരണയിലാണ് പ്രവര്‍ത്തകരെത്തിയതെന്നും സംഘര്‍ഷമുണ്ടായില്ലെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു.