കോട്ടയത്ത് നവജാത ശിശുവിനെ യുവതി തട്ടിയെടുത്തത് ആണ്‍സുഹൃത്തിനെ ബ്ലാക്മെയില്‍ ചെയ്യാന്‍; ലക്ഷ്യം വിവാഹം മുടക്കല്‍


കോട്ടയം: മെഡിക്കല്‍ കോളേജില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യാനാണ് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോയത്. പോലീസ് കസ്റ്റഡിയിലുള്ള നീതു പരസ്പരബന്ധമില്ലാതെയാണ് സംസാരിക്കുന്നത്. കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ വിശദമായ ആസൂത്രണം നീതു നടത്തിയിരുന്നുവെന്നും വിവരങ്ങളുണ്ട്. നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇബ്രാഹിമുമായി അടുത്ത ബന്ധമുണ്ടായിരുന്നു നീതുവിന്. ഇതിനിടെ ഇബ്രാഹിം മറ്റൊരു വിവാഹംകഴിക്കാന്‍ തീരുമാനിച്ചതോടെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനാണ് തന്റെ കുഞ്ഞാണെന്ന് കാണിക്കാന്‍ നീതു കുട്ടിയെ തട്ടിക്കൊണ്ട് പോയത്. മുന്‍പ് ഇവര്‍ ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു.

ഈ വിവരങ്ങള്‍ വെച്ച് തുടരന്വേഷണവുമായി മുന്നോട്ട് പോകാനാണ് പോലീസിന്റെ നീക്കം. കോട്ടയത്ത് എത്തിച്ച ഇബ്രാഹിമിനേയും നീതുവിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന നടപടിയിലേക്ക് ഉള്‍പ്പെടെ പോലീസ് കടക്കും. ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനിലെത്തിയാകും ചോദ്യം ചെയ്യല്‍ നടത്തുക. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവരുടെ മാതാപിതാക്കളും ഇന്നലെ സ്റ്റേഷനിലെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും തന്നെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഒരു വിവരവും ഇല്ലായിരുന്നു.

നീതുവും ഇബ്രാഹിമും ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്യുന്നവരായിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ തമ്മില്‍ അടുപ്പത്തിലായത്. പിന്നീട് നീതു ഗര്‍ഭിണിയാകുകയും ചെയ്തിരുന്നു. എന്തിനാണ് കുട്ടിയെ തട്ടിയെടുത്തതെന്ന ചോദ്യത്തിനാണ് ആണ്‍സുഹൃത്തിനെ ബ്ലാക്‌മെയില്‍ ചെയ്യുന്നതിനെന്ന ഉത്തരം പോലീസില്‍ നിന്ന് ലഭിക്കുന്നത്. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാന്‍ ഇരുവരേയും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട്.

ചോദ്യം ചെയ്യലിന് ശേഷം ജില്ലാ പോലീസ് മേധാവി ഇന്ന് മാധ്യമങ്ങളെ കാണും. വ്യക്തിപരമായ ലക്ഷ്യങ്ങളോടെയാണ് കുട്ടിയെ തട്ടിക്കൊണ്ട് പോയതെന്നും ഇവര്‍ക്ക് കുട്ടിക്കടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ലെന്നും പോലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതോടൊപ്പം തന്നെ പല കാര്യങ്ങളിലും ഇവര്‍ പരസ്പരബന്ധമില്ലാതെ മറുപടി നല്‍കുന്നതും പോലീസിന് വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ഇബ്രാഹിമിനെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുമെന്നാണ് പോലീസ് കരുതുന്നത്.