കോട്ടക്കൽ അഴിമുഖത്ത് സുരക്ഷാ സംവിധാനം ഏർപ്പെടുത്തണമെന്ന് യൂത്ത് കോൺഗ്രസ്-എസ് പയ്യോളി മണ്ഡലം കമ്മിറ്റി


പയ്യോളി: അപകടം പതിയിരിക്കുന്ന കോട്ടക്കൽ അഴിമുഖത്ത് സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും യൂത്ത് കോൺഗ്രസ്-എസ് പയ്യോളി മണ്ഡലം കമ്മിറ്റി. പുഴയും കടലും സംഗമിക്കുന്ന കോട്ടക്കൽ അഴിമുഖത്തിന് കണ്ടൽ ചെടികൾ ദൃശ്യഭംഗി നൽകുന്നു. ഇവ ആസ്വദിക്കാനായി ദിവസവും ദൂരദേശങ്ങളിൽ നിന്ന് പോലും നൂറുകണക്കിനാളുകളാണ് ‘മിനി ഗോവ’ എന്ന് അറിയപ്പെടുന്ന കോട്ടക്കൽ അഴിമുഖത്ത് എത്തുന്നത്.

കടലിൽ ചെറിയ കുട്ടികളെ പോലും ഇറക്കി കുളിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നത് ഇവിടെ പതിവ് കാഴ്ചയാണ്. ഇത് അപകടം ക്ഷണിച്ച് വരുത്തുന്നതിന് തുല്യമാണ്. കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിക്കാൻ കുടുംബസമേതം എത്തിയ പതിനൊന്നുകാരി അമ്മയോടൊപ്പം നിൽക്കുമ്പോൾ അബദ്ധത്തിൽ വീഴുകയും ആഞ്ഞടിച്ചെത്തിയ തിരയിൽപ്പെട്ട് മരണപ്പെടുകയും ചെയ്തിരുന്നു.

ഇതുപോലുള്ള ദുരന്തങ്ങൾ ഇനിയും ആവർത്തിക്കാതിരിക്കാൻ ഉടൻ തന്നെ വേണ്ട സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും സുരക്ഷാ സംവിധാനം ഒരുക്കുന്നതു വരെ ഇവിടേക്കുള്ള സന്ദർശനം തടയാൻ വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നും ഉടൻ തന്നെ ഉണ്ടാകണമെന്നും യൂത്ത് കോൺഗ്രസ്സ്-എസ്. പയ്യോളി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.പി ജിസിൻ അധ്യക്ഷത വഹിച്ചു. പി.വി. സജിത്ത്, കെ.പി. പ്രകാശൻ, ടി.വി. ഭാസ്ക്കരൻ, പി.വി. വിജിൽ, വി. രജിൽ, ടി.വി. സൂര്യാബി, പി.വി മുരളി എന്നിവർ സംസാരിച്ചു.