കോടികള്‍ മുടക്കി നിര്‍മ്മിച്ച ബാലുശ്ശേരിയിലെ പഞ്ചായത്ത് സ്റ്റേഡിയം തുറന്നുകൊടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു


ബാലുശ്ശേരി: കോടികള്‍ മുടക്കി ബാലുശ്ശേരി വൈകുണ്ഡത്ത് നിര്‍മിച്ച പഞ്ചായത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം കായിക പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി തുറന്നു കൊടുക്കാത്തതിനെതിരെ ബാലുശ്ശേരിയിൽ പ്രതിഷേധം ശക്തമാകുന്നു. സ്റ്റേഡിയം കായിക മേഖലയ്ക്ക് വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കുന്നോത്ത് മനോജ് ഉപവാസ സമരം സഘടിപ്പിക്കുന്നു. 48 മണിക്കൂര്‍ നീളുന്ന ഉപവാസം ഇന്ന് രാവിലെ 10ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി ഉദ്ഘാടനം ചെയ്യും.

5 വര്‍ഷം മുന്‍പാണ് പഞ്ചായത്ത് കളിക്കളത്തിന്റെ ഒരു ഭാഗത്ത് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം തുടങ്ങിയത്. കോടികള്‍ മുടക്കിയാണ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഷണ്‍മുഖദാസ് ബാലുശ്ശേരി എം.എല്‍.എ. ആയിരുന്ന കാലത്ത് അനുവദിച്ച 20 ലക്ഷത്തോളം രൂപ ഉപയോഗിച്ച് നിര്‍മിച്ച ഗാലറിയും അതോടനുബന്ധിച്ചുള്ള മുറികളും സ്റ്റേഡിയത്തിന്റെ ഒരു ഭാഗത്തുണ്ട്.

മറുഭാഗത്ത് പുരുഷന്‍ കടലുണ്ടി കടലുണ്ടി എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നരക്കോടിയോളം രൂപ ഉപയോഗിച്ച് മനോഹരമായ ഇന്‍ഡോര്‍ സ്റ്റേഡിയവും കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്. ടി.എന്‍. സീമ രാജ്യസഭാംഗമായ സന്ദര്‍ഭത്തില്‍ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സ്റ്റേഡിയത്തിന് മുന്നില്‍ കൂറ്റന്‍കവാടവും നിര്‍മിച്ചിട്ടുണ്ട്.

ഇവയുടെയെല്ലാം നിര്‍മാണം പൂര്‍ത്തിയായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. എന്നാല്‍ സ്റ്റേഡിയം ഇതുവരെ കായിക പരിശീലനത്തിനും മത്സരങ്ങള്‍ക്കുമായി വിട്ടു നല്‍കിയിട്ടില്ല. സ്റ്റേഡിയത്തിൽ പന്തുരുളുന്നത് കാണാൻ ഇനിയെത്ര കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് കായികപ്രേമികൾ ചോദിക്കുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക