കോടമഞ്ഞും പച്ചപ്പും വളഞ്ഞു പുളഞ്ഞ വഴികളും; സഞ്ചാരികളെ കാത്തിരിക്കുന്നത് കാനനക്കാഴ്ചകള്‍ക്കാപ്പം ബോട്ടിങ്ങും ജംഗിള്‍ സവാരിയും കാടിനുള്ളിലെ നൈറ്റ് ക്യാമ്പും; ഗവിയുടെ വിശേഷങ്ങള്‍


കാടിന്റെ ഉള്ളനക്കങ്ങളും കാനനക്കാഴ്ചകളും കൊതിതീരെ കണ്ട് പോകുവാന്‍ സാധിക്കുന്ന ഗവി കേരളത്തിലെ ഏറ്റവും മികച്ച കാടകങ്ങളിലൊന്നാണ്. കോടമഞ്ഞും പച്ചപ്പും വളഞ്ഞു പുളഞ്ഞ വഴികളും കാടിനുള്ളിലെ കാഴ്ചകളും ഒക്കെ ഏറ്റവും ഭംഗിയായി ആസ്വദിക്കുവാന്‍ സാധിക്കുന്ന ഇവിടം യഥാര്‍ത്ഥത്തില്‍ കാടിന്റെ കുറേയേറെ നിഗൂഢതകള്‍ ഒളിഞ്ഞിരിക്കുന്ന എക്‌സട്രാ ഓര്‍ഡിനറി സ്ഥലമാണ്. മഞ്ഞില്‍ പുതഞ്ഞു കിടക്കുന്ന വഴികളിലൂടെ കാടിന്റെ സ്വരം മാത്രം കേട്ട്, ആ വന്യതയിലലിഞ്ഞു യാത്ര ചെയ്യുവാന്‍ ഏതൊരു സഞ്ചാരിയും ഒന്നു കൊതിക്കും.

കാനനക്കാഴ്ചകള്‍ അതിന്റ തനിമയില്‍ അനുഭവിക്കുന്നതിനപ്പുറം ട്രക്കിംഗ്, കാട്ടിലൂടെ സഫാരി, വന്യമൃഗ നിരീക്ഷണം, പക്ഷി നിരീക്ഷണം, ഏറുമാടത്തിലെ താമസം, കാടിന്റെ പ്രദേശത്തായി ഔട്ട് ഡോര്‍ ക്യാമ്പിംഗ്, കാട്ടുവഴിയിലൂടെ രാത്രി സഫാരി, കൊച്ചുപമ്പ കായലിലൂടെയുള്ള ബോട്ടിംഗ് എന്നു തുടങ്ങി ഒരു പിടി അനുഭവങ്ങളിലേക്കാണ് യാത്ര. മഞ്ഞു മൂടിക്കിടക്കുന്ന വഴിത്താരകളും ഇടയ്ക്കിടെ സന്ദര്‍ശനത്തിനെത്തുന്ന കാട്ടുമൃഗങ്ങളും എല്ലാം ചേര്‍ന്ന് ഈ യാത്ര അവിസ്മരണീയമാക്കും. അതുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് ആവശ്യമായ മുന്‍കരുതലുകളോടെ എത്തിയാല്‍ ഒരിക്കലും മറക്കാനാവാത്ത മുഹൂര്‍ത്തങ്ങള്‍ നല്‍കും ഗവി.

സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന നിത്യഹരിത വനപ്രദേശമാണ് ഗവി. മലമടക്കുകളും ചോലവനങ്ങളും മൊട്ടക്കുന്നുകളാണ് ഗവിയുടെ പ്രധാന ആകര്‍ഷണം. വന്യത ആസ്വദിച്ചുകൊണ്ട് കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര സഞ്ചാരികള്‍ക്ക് നവ്യാനുഭവമാണ്. ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം. അരുവികളും കൊക്കകളും താഴ്വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു. പെരിയാര്‍ കടുവാ സങ്കേതത്തിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെട്ട പ്രദേശമാണിവിടം.

കേരള വനം വികസന കോര്‍പറേഷന്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കിയിരിക്കുന്ന ഇവിടേക്ക് വനം വകുപ്പിന്റെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ പ്രവേശനം അനുവദിക്കില്ല. വനം വകുപ്പിന്റെയോ കേരള വനം വികസന കോര്‍പറേഷന്റെയോ ടൂറിസം പ്രോഗ്രാമില്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഇതിനുള്ള സൗകര്യം ലഭിക്കുക. ഗവിയിലേക്ക് എത്തിച്ചേരുവാന്‍ മറ്റൊരു എളുപ്പ മാര്‍ഗ്ഗം പത്തനംതിട്ടയില്‍ നിന്നും കുമളിയില്‍ നിന്നും ഗവി വഴി കടന്നു പോകുന്ന കെ.എസ്.ആര്‍.ടി.സിയുടെ ഓര്‍ഡിനറി ബസ്സാണ്. ദിവസേന രണ്ട് സര്‍വീസുകളാണ് ഗവി വഴി കടന്നു പോകുന്നത്. കൊവിഡിനെ തുടര്‍ന്ന് ബസ് സര്‍വ്വീസില്‍ മാറ്റം വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം.

കാനനഭംഗിയും മറ്റും അനുഭവിച്ചറിയണമെങ്കില്‍ പത്തനംതിട്ടയില്‍ നിന്ന് തന്നെ യാത്ര ആ രംഭിക്കണം. പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് ചിറ്റാര്‍, സീതത്തോട്, ആങ്ങമൂഴി എന്നീ സ്ഥലങ്ങള്‍ കഴിയുമ്പോള്‍ വനത്തിലേക്ക് പ്രവേശിക്കുകയാണ്. അവിടെ നിന്നും കക്കാട് ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ ഭാഗങ്ങളായ സ്ഥലങ്ങള്‍ കടന്ന് കക്കി ഡാം, ആനത്തോട് ഡാം, പമ്പാ ഡാം എന്നീ ഡാമുകള്‍ കടന്നാണ് ഗവിയില്‍ എത്തുക. ഡാമുകള്‍ക്ക് മുകളിലൂടെയുള്ള കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്ര കൗതുകമുണര്‍ത്തുന്നതാണ്. മനുഷ്യനും വന്യമൃഗങ്ങളും പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറുന്നതാണ് ഗവിയുടെ ജീവതാളം. ഗവിയുടെ സൗന്ദര്യമാസ്വദിക്കാനെത്തുന്ന സന്ദര്‍ശകരെയും കാട്ടില്‍ ഈറ്റ ശേഖരിക്കാനെത്തുന്ന ആദിവാസികളെയും ശ്രീലങ്കന്‍ തമിഴരെയും വന്യമൃഗങ്ങള്‍ക്ക് നേരത്തെ തന്നെ പരിചയമുണ്ടെന്ന ഭാവത്തിലാണ് അവയുടെ പെരുമാറ്റം. മൂഴിയാര്‍, ആനത്തോട്, പമ്പ, കക്കി, ഗവി തുടങ്ങിയ ഡാമുകള്‍ വഴിയിലുടനീളം നല്‍കുന്നത് അതിമനോഹരമായ ദൃശ്യവിരുന്നാണ്. കക്കി ഡാമിന്റെ എതിര്‍വശത്തേക്ക് നോക്കിയാല്‍ പച്ചപ്പും മൂടല്‍മഞ്ഞും ചേതോഹരമായി വിലയിക്കുന്ന കാഴ്ച കാണാം.

കുന്നിന്‍ മുകളില്‍ നിന്നാല്‍ അങ്ങകലെ മറ്റൊരു കുന്നിന്റെ ചരുവില്‍ പൊന്നമ്പലമേടും ശബരിമലയുമൊക്കെ കാണാന്‍ സാധിക്കും. മഞ്ഞും വെള്ളവും ഇണ ചേരുന്ന മനോഹരമായ ചെറുതടാകം ഗവിയുടെ ഉള്‍വനത്തില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്. അവിടെയുള്ള തുഴ വഞ്ചികളില്‍ തുഴഞ്ഞുല്ലസിക്കാന്‍ അനുവാദമുണ്ട്. തുഴഞ്ഞു തുഴഞ്ഞ് മുന്നോട്ടുപോയാല്‍ അക്കകാടിനുള്ളിലെ കന്യകയെപോലെ ശുദ്ധമായ തെളിവെള്ളം നിപതിക്കുന്ന വെള്ളച്ചാട്ടമായി. കാട്ടിലെ ഔഷധസസ്യങ്ങളുടെ സത്തയും ഉറവയുടെ ശുദ്ധതയുമായി പതഞ്ഞുവരുന്ന ഈ നീര്‍പ്രവാഹം മനസ്സിനും ശരീരത്തിനും പാപമുക്തിയും ഉണര്‍വും നല്‍കും.

വിവിധ സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധമാണ് ഗവി. കുന്നുകളും, സമതലങ്ങളും, പുല്‍മേടുകളും, ചോലക്കാടുകളും, വെള്ളച്ചാട്ടങ്ങളും, ഏലത്തോട്ടങ്ങളും. വംശനാശം നേരിടുന്ന സിംഹവാലന്‍ കുരങ്ങുകളേയും വരയാടുകളേയും ഇവിടെ കാണാനാകും. വേഴാമ്പല്‍ ഉള്‍പ്പെടെ (ഇവയുടെ മൂന്നിനങ്ങള്‍ ഇവിടെ ഉണ്ട്) 260 -ഓളം പക്ഷി ഇനങ്ങളും ഗവി മേഖലയിലുണ്ട്. പക്ഷി നിരീക്ഷകര്‍ക്കും സ്വര്‍ഗ്ഗമാണ് ഇവിടം.

കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റു ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനും ട്രക്കിങ്ങിന് പോകാനും സൗകര്യമുണ്ട്. ഇതിനു പുറമേ ബോട്ടിംഗിനും ജംഗിള്‍ സഫാരിയും സാധ്യമാണ്. ഗവിയില്‍ നിന്നു ചെറിയ ട്രെക്കിംഗ് മതി താഴെ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമലയില്‍ എത്താന്‍. രാത്രി വനയാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് കള്ളാര്‍, ഗവി പുല്ലുമേട്, കൊച്ചുപമ്പ, പച്ചക്കാനം എന്നിവിടങ്ങളിലേക്ക് രാത്രി സഫാരിക്കും സൗകര്യങ്ങളുണ്ട്.

 

കാടിനകത്ത് ക്യാമ്പ് ചെയ്യാന്‍ ഗവിയില്‍ അനുവാദമുണ്ട്. ഇന്ത്യയില്‍ പല വനമേഖലകളിലും അനുവദനീയമല്ല ഇത്. ഔദ്യോഗിക വഴികാട്ടികള്‍ക്കൊപ്പം, കാട്ടിനുള്ളിലേക്കു പോവുകയേ വേണ്ടൂ. സന്ധ്യ രാത്രിയുടെ ഏകാന്തതയ്ക്കു വഴിമാറുമ്പോള്‍ ടെന്റിനു ചേര്‍ന്നുള്ള ഒഴിഞ്ഞ സ്ഥലങ്ങളില്‍ വന്യജീവികളുടെ സാന്നിദ്ധ്യം സന്ദര്‍ശകര്‍ക്കു അവിസ്മരണീയമായ അനുഭവമാകും. മരങ്ങള്‍ക്കു മുകളില്‍ ഒരുക്കിയ വീടുകളിലും താമസ സൗകര്യങ്ങളുണ്ട്.

ഗവി യാത്രക്കുള്ള തയാറെടുപ്പുകള്‍ വളരെ ശ്രദ്ധിക്കണം
കൊടുംകാടായ ഈ പ്രദേശങ്ങളില്‍ കാട്ടാന, കാട്ടുപോത്ത്, പുലി തുടങ്ങി ആക്രമണകാരികളായ നിരവധി വന്യജിവികളെയും കാണാം. ചെക്ക്പോസ്റ്റില്‍, മുന്നോട്ടുള്ള പാതയില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ വലിയ അക്ഷരങ്ങളില്‍ എഴുതി വച്ചിരിക്കുന്നതു ആര്‍ക്കും വായിക്കാം. കാടിനുള്ളില്‍ അമിതമായ ശബ്ദം ഉണ്ടാക്കാനോ അമിത സ്പീഡോ പാടില്ല. ഏതു നിമിഷവും റോഡിനു കുറുകെ കൂടി കടന്നു വരാന്‍ സാധ്യതയുള്ള കാട്ടുമൃഗങ്ങളെ മനസ്സില്‍ കണ്ടുവേണം മുന്നോട്ടു യാത്ര തുടരാന്‍.

സഞ്ചാരികള്‍ക്കായി പാക്കേജുകള്‍ കേരള ഫോറസ്റ്റ് ഡെവലപ്മെന്‍റ് കോർപ്പറേഷൻ സഞ്ചാരികള്‍ക്കായി ഗവിയില്‍ വിവിധ ടൂർ പാക്കേജുകൾ ലഭ്യമാക്കിയിട്ടുണ്ട്. ട്രെക്കിങ്ങ്, ഔട്ഡോർ ക്യാംപിങ്, സഫാരി തുടങ്ങിയ വിനോദങ്ങളും ഇവിടെ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്https://www.gavi.kfdcecotourism.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.