കൊവിഡ് വ്യാപനം; സംസ്ഥാനത്ത് ഓക്‌സിജന്‍ കിടക്കകളുടെ എണ്ണം കൂട്ടണമെന്ന് ആരോഗ്യവകുപ്പ്‌


തിരുവനന്തപുരം: മൂന്നാം തരം​ഗ സാധ്യത നിലനിൽക്കുന്ന കേരളത്തിൽ ഓക്സിജൻ കിടക്കകളുടെ എണ്ണം എത്രയും വേ​ഗം കൂട്ടണമെന്ന്
ആരോ​ഗ്യ വിദ​ഗ്ധർ. ഓണം ഉൾപ്പെടെ ആഘോഷങ്ങൾ, മാനദണ്ഡങ്ങളിൽ ഇളവ് വരുത്തിയ സാഹചര്യം ഇവ നിലനിൽക്കുന്നതിനാൽ പ്രതിദിന രോ​ഗികളുടെ എണ്ണം നിലവിലെ പ്രതിദിന വർധനയുടെ മൂന്നുമുതൽ നാലിരട്ടി വരെ ആകാമെന്നാണ് മുന്നറിയിപ്പ് . അങ്ങനെ വന്നാൽ 40000 മുതൽ 60000 ന് മുകളിൽ വരെ പ്രതിദിന രോ​ഗികളുണ്ടാകും.

നിലവിലെ അവസ്ഥയിൽ മുന്നോട്ട് പോകുകയാണെങ്കിൽ ആശുപത്രി സംവിധാനങ്ങൾക്ക് ഉൾക്കൊള്ളാനാകുന്ന തരത്തിലേ ​ഗുരുതര രോ​ഗികൾ ഉണ്ടാകാൻ സാധ്യതയുള്ളുവെന്നും ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നു. ഇത് ആശ്വാസകരമാണ്. ഐസിയു വെന്റിലേറ്റർ എന്നിങ്ങനെയുള്ള അതി തീവ്ര പരിചരണം എന്നതിനേക്കാൾ ഓക്സിജൻ നൽകിയുള്ള ചികിൽസയാകും കൂടുതൽ വേണ്ടി വരിക. അതിനാൽ തന്നെ ഓക്സിജൻ കിടക്കകളുടെ എണ്ണംപരമാവധി കൂട്ടണമെന്ന മുന്നറിയിപ്പും വിദ​ഗ്ധർ നൽകുന്നു. സംസ്ഥാനത്ത് ഇപ്പോൾ 870 മെട്രിക് ടൺ ഓക്സിജൻ കരുതൽ ശേഖരമുണ്ട്.

മലപ്പുറം , തൃശൂർ ,എറണാകുളം , കോഴിക്കോട് ജില്ലകളിലാണ് നിലവിൽ രോ​ഗ ബാധിതർ ഉള്ളത്. ഈ ജില്ലകളിൽ അതീവ ജാ​ഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിൽ വാസ്കിൻ പരമാവധിപേരിൽ എത്തുന്നുണ്ടെന്ന് ആരോ​ഗ്യതദ്ദേശ വകുപ്പുകൾ ഉറപ്പാക്കണം. പ്രതിദിന പരിശോധനകളുടെ എണ്ണം രണ്ട് ലക്ഷം വരെ കൂട്ടണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ ആവശ്യപ്പെടുന്നു. സമ്പർക്ക വ്യാപനം ഒഴിവാക്കാൻ സമ്പർക്കപട്ടിക തയാറാക്കുന്നത് ശക്തമാക്കുകയും നിരീക്ഷണം കർശനമാക്കുകയും ചെയ്യണം. ഇതിന് ആരോ​ഗ്യവകുപ്പ് തന്നെ മേൽനോട്ടം വഹിക്കണമെന്ന നിർദേശവും ഉണ്ട്

വാക്സിനേഷന് പരമാവധി വേ​ഗം കൂട്ടണം. പ്രായാധിക്യമുളളവരിൽ രണ്ടാം ഡോസ് അതിവേ​ഗം എത്തിക്കാനുളള നടപടി ഉണ്ടാകണം. വീടുകളിൽ ചെന്ന് വാക്സിനേഷൻ നൽകുന്ന പ്രവർത്തനം ത്വരിതപ്പെടുത്തണം. കുട്ടികളിലെ വാക്സിനേഷനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്ന നിർദേശവും ഉണ്ട്. കുട്ടികളിലെ വാക്സിനേഷൻ തുടങ്ങാനായാൽ അടുത്ത അധ്യയന വർഷം സ്കൂളുകൾ തുറക്കാനാകുമെന്നാണ് വിദ​ഗ്ധ അഭിപ്രായം. ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തി തുറസായ സ്ഥലങ്ങൾ പരമവധി പ്രയോജനപ്പെടുത്തിയും അധ്യയനം നടത്താം.

മൂന്നാം തരം​ഗം കുട്ടികളിൽ വലിയ തോതിൽ മരണ നിരക്ക് ഉണ്ടാക്കില്ലെന്നാണ് പഠനങ്ങളെല്ലാമെന്ന് ആരോ​ഗ്യ വിദ​ഗ്ധൻ ഡോ.സുൽഫി നൂഹു പറയുന്നു. കൊച്ചുകുട്ടികളിൽ വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിയുമ്പോൾ തന്നെ റിസപ്റ്ററുകളുടെ വ്യത്യസ്ത ഘടന‌മൂലം വൈറസ് തുടക്കത്തിൽ തന്നെ നിർവീര്യമാക്കപ്പെടാനുള്ള സാധ്യത ഉള്ളതിനാലാണിത്. അതുകൊണ്ടുതന്നെ ശ്വസകോശത്തെ ബാധിക്കുന്ന തരത്തിലേക്ക് കൊവിഡ് ​ഗുരുതരമാകാറില്ലെന്നും ഡോ സുൽഫി നൂഹു പറയുന്നു