കൊവിഡ് വ്യാപനം രൂക്ഷം; ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണങ്ങള്‍,തീരുമാനം കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍


കോഴിക്കോട്‌: കോവിഡ് രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ ജില്ലയിൽ വീണ്ടും കർശന നിയന്ത്രണങ്ങൾ. കലക്ടർ ഡോ. എൻ തേജ് ലോഹിത് റെഡ്ഡിയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിലാണ്‌ തീരുമാനം. കഴിഞ്ഞ ദിവസങ്ങളിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരത്തിന് മുകളിലെത്തിയിരുന്നു.

ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയാത്തതിനാലും സംസ്ഥാന തലത്തിൽ രോഗികൾ വർധിക്കുന്ന സാഹചര്യത്തിലും പരിശോധനകൾ കൂട്ടും.
എല്ലാ തദ്ദേശ സ്ഥാപനങ്ങളും കോവിഡ് പരിശോധന വർധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. കോവിഡ് കൺട്രോൾ റൂം പുനരാരംഭിക്കുകയും വേണം. കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറന്റൈൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെന്ററിലേക്ക് മാറ്റണം. ഡൊമിസിലിയറി കെയർ സെന്റർ സൗകര്യമില്ലാത്തവർ ആരംഭിക്കണം.
കോവിഡ് നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കൂടുതൽ പൊലീസിനെ നിയോഗിക്കും.

പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന ജോലികളിൽ ഏർപ്പെടുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ കരുതണം. കച്ചവട സ്ഥാപനങ്ങൾ നടത്തുന്നവർ, ഹോട്ടൽ ജീവനക്കാർ, ടാക്‌സി ഡ്രൈവർമാർ എന്നിവർ ആന്റിജൻ അല്ലെങ്കിൽ ആർടിപിസിആർ പരിശോധന ഫലമോ വാക്‌സിനേഷൻ നടത്തിയ തെളിവുകളോ അന്വേഷണ ഉദ്യോഗസ്ഥരെ കാണിക്കണം. ഇത് പാലിക്കാത്ത കടകൾ അടപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ആർആർടി വളന്റിയർമാരുടെ സേവനം ശക്തിപ്പെടുത്തും.
വീടുകളിൽ ക്വാറന്റൈനിൽ കഴിയുന്ന ആളുകൾ ക്വാറന്റൈൻ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കും. വിവാഹ ചടങ്ങുകളിൽ പങ്കെടുക്കുന്നവർ ആന്റിജൻ അല്ലെങ്കിൽ ആർടിപിസിആർ പരിശോധന ഫലമോ വാക്‌സിനേഷൻ നടത്തിയ വിവരമോ ബോധ്യപ്പെടുത്തണം.

പാളയം മാർക്കറ്റ്, പുതിയ ബസ് സ്റ്റാൻഡ്‌, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌, മിഠായി തെരുവ് എന്നിവിടങ്ങൾ ഫയർഫോഴ്‌സും കോർപറേഷനും പൊലീസും സംയുക്തമായി അണുവിമുക്തമാക്കും. അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങുന്ന വാഹനങ്ങൾ പിടിച്ചെടുക്കും. ജില്ലാ പൊലീസ് മേധാവി എ വി ജോർജ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എൻ റംല, ഡിപിഎം ഡോ. എ നവീൻ, കോവിഡ് സെൽ നോഡൽ ഓഫീസർ ഡോ. അനുരാധ തുടങ്ങിയവർ പങ്കെടുത്തു.