കൊവിഡ് വ്യാപനം; ജില്ലയില്‍ ഓണാഘോഷങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്താന്‍ നിര്‍ദേശം, കൂട്ടം ചേര്‍ന്നുള്ള സദ്യകള്‍ ഒഴിവാക്കണം, വാക്‌സിനേഷന് അവസരം ലഭിച്ചാല്‍ ഉടന്‍ വാക്‌സിനെടുക്കണമെന്ന് ഡി.എം.ഒ
കോഴിക്കോട്: കോവിഡ് വ്യാപനം ഉയർന്നു തന്നെ നിൽക്കുന്ന സാഹചര്യത്തിൽ ഓണാഘോഷ പരിപാടികൾ പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടത്താൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോഴിക്കോട് ഡി എം ഒ അഭ്യർത്ഥിച്ചു. മാസ്ക്, സോപ്പ്, സാനിറ്റൈ സർ , സാമൂഹിക അകലം എന്നിവയിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. ആൾക്കൂട്ടമുണ്ടാകുന്ന ആഘോഷ പരിപാടികളും കൂട്ടം ചേർന്നുള്ള സദ്യകളും ഒഴിവാക്കണം.
അത്യാവശ്യത്തിനു മാത്രമേ യാത്രകൾ നടത്താവൂ. പ്രായമായവരെയും ഗുരുതര രോഗമുള്ളവരെയും കുട്ടികളെയും സമ്പർക്ക സാധ്യതകളിൽ നിന്ന് പ്രത്യേക കരുതലോടെ സംരക്ഷിക്കണം. രോഗ ലക്ഷണമുള്ളവരും കോവിഡ് പോസിറ്റീവായവരുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായവരും ഉടൻ തന്നെ ടെസ്റ്റിന് വിധേയരാകണം.
വാക്സിനേഷന് അവസരം ലഭിക്കുന്നവരെല്ലാം ലഭ്യമായ ആദ്യ അവസരത്തിൽ തന്നെ വാക്സിനെടുത്ത് സുരക്ഷിതരാകണം.കോവിഡ് മുക്തമായ ഒരു നാടിനുവേണ്ടി നമുക്ക് നമ്മുടെ ആഘോഷങ്ങൾ ആൾക്കൂട്ടമില്ലാതെ അർത്ഥവത്തായി ആഘോഷിക്കാം.