കൊവിഡ് വ്യാപനം; കൊയിലാണ്ടിയില്‍ സ്വകാര്യ ട്യൂഷന്‍ സെന്ററും പാരലല്‍ കോളജുകളും അടയ്ക്കാൻ നിർദേശം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ പരിധിയിലെ എല്ലാ സ്വകാര്യ ട്യൂഷന്‍ സെന്ററുകളും പാരലല്‍ കോളജുകളും രണ്ടാഴ്ചത്തേക്ക് ക്ലാസുകള്‍ നിര്‍ത്തിവെച്ച് അടച്ചിടുന്നു. പ്രതിദിന കൊവിഡ് കണക്ക് ജില്ലയില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. കൊയിലാണ്ടി മേഖലയില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് നടപടിയെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി.സുധ പറഞ്ഞു.
കഴിഞ്ഞ കുറച്ച് ദിവസമായി കൊയിലാണ്ടിയില്‍ ഭീതി വിതയ്ക്കുന്ന വിധത്തിലാണ് കോവിഡ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടെസ്റ്റ് പോസിറ്റീവ് നിരക്കും ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങളില്‍ പൊതുസമൂഹം സഹകരിക്കണമെന്നും ചെയര്‍പേഴ്സണ്‍ കൂട്ടിച്ചേര്‍ത്തു.