കൊവിഡ് വ്യാപനം കുറഞ്ഞു; കായണ്ണ പഞ്ചായത്ത് അടുത്ത ദിവസം തന്നെ കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് മാറിയേക്കുമെന്ന് പ്രസിഡന്റ് സി.കെ ശശി


കായണ്ണ ബസാര്‍: കായണ്ണ ഗ്രാമ പഞ്ചായത്തില്‍ ആശ്വാസം നല്‍കി കൊവിഡ് കണക്കുകള്‍. നിലവില്‍ 95 രോഗികള്‍ മാത്രമാണ് പഞ്ചായത്തിലുള്ളത്. ണ്ടാഴ്ചയായി കണ്ടെയിന്‍മെന്റ് സോണായ പഞ്ചായത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായും അടുത്ത ദിവസം തന്നെ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്ന് മാറുമെന്നും പ്രസിഡന്റ് സി. കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

പതിമൂന്ന് വാര്‍ഡുകളില്‍ നിന്നായി ആകെ കൊവിഡ് രോഗബാധിതരുടെ എണ്ണം 184 ആയി ഉയര്‍ന്നതോടെയാണ് പഞ്ചായത്ത് മുഴുവനായി കണ്ടെയിന്റെ് സോണായി മാറിയത്. എന്നാല്‍ ഇന്നത് 95 ആയി കുറഞ്ഞു. പഞ്ചായത്തിലെ പതിനൊന്ന് വാര്‍ഡുകളില്‍ ആകെ രോഗികള്‍ പത്തില്‍ കുറവാണ്. ഏഴാം വാര്‍ഡായ മൊട്ടന്തറയിലാണ് കൂടുതല്‍ രോഗബാധിതരുള്ളത്. 25 പേരാണ് ഈ വാര്‍ഡില്‍ ചികിത്സയില്‍ കഴിയുന്നത്. രണ്ടാം സ്ഥാനത്ത്് പതിമൂന്നാം വാര്‍ഡായ നമ്പ്രംകുന്നാണ്. ഇവിടെ 11 രോഗികളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചിട്ടയായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചത് കൊണ്ട് മാത്രമാണ് പഞ്ചായത്തില്‍ കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. ഭരണസമിതി യോഗത്തിന്റെ അടിസ്ഥാനത്തില്‍ 25 ഓളം വീടുകള്‍ ക്ലസ്റ്ററാക്കി തിരിച്ച് കൊണ്ടാണ് കൊവിഡ് പ്രതിരോധം ശക്തമാക്കിയത്. ഓരോ ക്ലസ്റ്ററുകള്‍ക്കും നാല് വീതം സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. ഇവര്‍ക്കായിരുന്നു വീടുകളുടെ ചുമതല നല്‍കിയിരുന്നത്.

വാര്‍ഡ് മെമ്പര്‍ ചെയര്‍മാനും സന്നദ്ധ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് അതത് വാര്‍ഡുകളുടെ ചുമതല. വാക്‌സിനേഷനും, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ എല്ലാ കാര്യങ്ങളും ഇവരുടെ നേതൃത്വത്തിലാണ് കൈകാര്യം ചെയ്യുന്നത്. വാര്‍ഡ്തല സമിതിക്ക് ഒര് നോഡല്‍ ഓഫീസറെയും നിയോഗിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പഞ്ചായത്തിനെ രണ്ട് സെക്ടറുകളാക്കി തിരിച്ചാണ് നിയന്ത്രണങ്ങളും കൊവിഡ് പ്രതിരോധവും നടന്ന് വരുന്നത്. ഓരോ ക്ലസ്റ്ററുകള്‍ക്കും ക്ലസ്റ്റര്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരെയും, വാര്‍ഡ് മെമ്പര്‍മാരെയും ഉള്‍പ്പെടുത്തികൊണ്ട് പ്രത്യേകമായി പഞ്ചായത്ത് തല സമിതിയും രൂപികരിച്ചു. താഴെ തട്ട് മുതല്‍ പഴുതടച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാലാണ് ഇത്രയും വേഗത്തില്‍ പഞ്ചായത്തിലെ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചത്.

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് പൂര്‍ണ്ണ പിന്തുണയും സഹകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലഭിച്ചിരുന്നു. അതിനാല്‍ അടുത്ത ദിവസം തന്നെ പഞ്ചായത്ത് കണ്ടെയിന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും മാറാന്‍ സാധ്യതയുണ്ട്. അതോടെ കടുത്ത നിയന്ത്രണങ്ങള്‍ മാറി ജനജീവിതം സാധാരണ രീതിയിലേക്ക് മാറുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണങ്ങള്‍ മാറിയാലും ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്ന് പ്രസിഡന്റ് പറഞ്ഞു.