കൊവിഡ് വ്യാപനം: കായണ്ണ പഞ്ചായത്തില്‍ റോഡുകള്‍ അടച്ചു; നിയന്ത്രണങ്ങള്‍ കടുപ്പിക്കും, കൊവിഡ് പരിശോധന വര്‍ധിപ്പിക്കാനും തീരുമാനം, നോക്കാം വിശദമായി
കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്തിലെ പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ എട്ട് ശതമാനത്തിന് മുകളിലായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് പഞ്ചായത്തില്‍ കൊവിഡ് രോഗികള്‍ വര്‍ധിച്ചത്.
നിലവില്‍ 169 പേരാണ് പഞ്ചായത്തില്‍ ചികിത്സയിലുള്ളത്. ഇവിരില്‍ ഭൂരിപക്ഷം പേര്‍ക്കും വീടുകളില്‍ നിന്ന് തന്നെയാണ് രോഗം ബാധിച്ചതെന്നും, പഞ്ചായത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
കായണ്ണ പഞ്ചായത്തിലെ ഏഴാം വാര്‍ഡിലാണ് കൂടുതല്‍ കേസുകള്‍ നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രോഗവാഹകരെ കണ്ടെത്തി രോഗവ്യാപനം തടയാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി ഏഴാം വാര്‍ഡില്‍ മാത്രമായി നാളെ കൊവിഡ് പരിശേധന ക്യാമ്പ് സംഘടിപ്പിക്കും. പഞ്ചായത്തിലെ മറ്റ് ഭാഗങ്ങളിലും കൂടുതല്‍ പരിശോധന ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
കൊവിഡ് നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായി സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പഞ്ചായത്തില്‍ നടപ്പിലാക്കും. അവശ്യ സര്‍വ്വീസുള്‍പ്പെടെയുള്ള കടകള്‍ക്ക് ഉച്ചയ്ക്ക് രണ്ട് മണിവരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ളുവെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ ബാരിക്കേഡുകള്‍ വച്ച് അടച്ചു. കര്‍ശന പരിശോധനകള്‍ക്ക് ശേഷം മാത്രമാണ് ഇതുവഴി ആളുകളെ പ്രവേശിക്കുന്നുള്ളു. കൂടാതെ മറ്റ് പഞ്ചായത്തുകളുമായി അതിര്‍ത്തി പങ്കിടുന്ന പോക്കറ്റ് റോഡുകളിലും പരിശോധന നടത്തുന്നുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
നിയന്ത്രണങ്ങള്‍
- ഉച്ചയ്ക്കു 2 വരെ അവശ്യ സാധനങ്ങളുടെയും മരുന്നുകളുടെയും വില്‍പന മാത്രം അനുവദിക്കും.
- ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം.
- അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും ഉച്ചയ്ക്ക് 2 വരെ.
- ഈ വാര്‍ഡുകളില്‍ ബാരിക്കേഡ് സ്ഥാപിക്കും.
- എല്ലാവരെയും കോവിഡ് പരിശോധനയ്ക്കു വിധേയരാക്കും.
- രാത്രി 7 മുതല്‍ രാവിലെ 5 വരെ അടിയന്തര യാത്ര മാത്രമേ അനുവദിക്കൂ.