കൊവിഡ് വാക്‌സിന്‍: 45 വയസ്സിനു മുകളിലുള്ളവർക്കു മുൻഗണന; വിദ്യാർഥികളുടെ വാക്സിനേഷനിൽ ആശയക്കുഴപ്പം


കോഴിക്കോട്: ജില്ലയിൽ 45 വയസ്സിനു മുകളിലുള്ളവർക്കു വാക്‌സിന്‍ നൽകുന്നതിനു കൂടുതൽ പരിഗണന നൽകാൻ തീരുമാനം. വാക്സീൻ ക്ഷാമത്തിന്റെയും കോവി‍ഡ് മൂന്നാം തരംഗം നേരിടുന്നതിന്റെയും പശ്ചാത്തലത്തിലാണ് തീരുമാനം. കോവി‍ഡ് മൂന്നാം തരംഗം 45 വയസ്സിനു മുകളിലുള്ളവരെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ വിഭാഗത്തിൽപെട്ട എല്ലാവർക്കും 2 ഡോസ് വാക്സീൻ വിതരണം ചെയ്യുകയാണ് ലക്ഷ്യം.

ഇന്നലെ മുതൽ 18– 44 പ്രായത്തിലുള്ളവരുടെ വാക്സിനേഷൻ ജില്ലാ, ബ്ലോക്ക്, താലൂക്ക് ആശുപത്രികളിൽ മാത്രമായി ചുരുക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും 45 വയസ്സിനു മുകളിലുള്ളവർക്കു മാത്രമേ ഓൺലൈനിൽ വാക്സീൻ ബുക്ക് ചെയ്യാൻ സാധിക്കൂ. ജില്ലയിൽ 15.6 ലക്ഷം പേർ വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. നാലരലക്ഷം പേർ 2 ഡോസുകളും സ്വീകരിച്ചു. വാക്സീൻ വിതരണത്തിൽ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്താണ് ജില്ലയെങ്കിലും ആകെ ജനസംഖ്യയിൽ എത്ര പേർക്കു വാക്സീൻ ലഭിച്ചെന്ന കണക്കിൽ പത്താം സ്ഥാനത്താണ്.

വിദ്യാർഥികളുടെ വാക്സിനേഷനിൽ ആശയക്കുഴപ്പം

കോളജ് വിദ്യാർഥികൾക്കു വാക്സിനേഷനിൽ മുൻഗണന നൽകുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ആശയക്കുഴപ്പത്തിനിടയാക്കുന്നു. സാങ്കേതിക സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിൽ പഠിക്കുന്നവർക്കും ഹോമിയോ, ആയുർവേദം, ഫാർമസി കോഴ്സുകൾ പഠിക്കുന്നവർക്കുമാണ് സർക്കാർ ഉത്തരവ് പ്രകാരം മുൻഗണനയുള്ളത്. ഇവർ ഇ ഹെൽത്ത് വെബ്സൈറ്റ് വഴി ഓൺലൈനിൽ റജിസ്റ്റർ ചെയ്യണം.

മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളോടു വാക്സീൻ എടുത്ത ശേഷം എത്തിയാൽ മതിയെന്നാണ് അതത് കോളജുകളിൽ നിന്നു നിർദേശം നൽകിയിരിക്കുന്നത്. ഇവരും വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തുന്നുണ്ട്. എന്നാൽ, മുൻഗണനാ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ വാക്സീൻ നൽകാൻ സാധിക്കില്ലെന്ന നിലപാടിലാണ് ആരോഗ്യവകുപ്പ്.