കൊവിഡ് രോഗികളെ സ്വന്തം ഓട്ടോറിക്ഷയില്‍ സൗജന്യമായി ആശുപത്രിയിലെത്തിച്ച് യുവാവ് ; കനിവും കരുണയും വറ്റാത്ത മനുഷ്യര്‍


കര്‍ണാടക: കോവിഡ് രോഗികളെ പരിപാലിക്കാന്‍ മടിക്കുന്ന സാഹചര്യമാണ് കർണ്ണാടകയിലെങ്ങും. പക്ഷേ പേടിക്കാതെ ഒപ്പമുണ്ട് എന്ന ആഹ്വാനവുമായി ഒരു മനുഷ്യന്‍. കൊവിഡ് ബാധിക്കുന്നവരെ ആശുപത്രിയിലെത്തിക്കാന്‍ സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ഓട്ടോ ഡ്രൈവര്‍ രംഗത്തെത്തി. കര്‍ണാടക കല്‍ബുര്‍ഗി സ്വദേശി ആകാശ് ദേനുര്‍ എന്ന യുവാവാണ് കൊവിഡ് ബാധിച്ചവരെ സൗജന്യമായി ആശുപത്രിയില്‍ എത്തിക്കുന്നത്. കൊവിഡ് വ്യാപനം തീവ്രമായി തുടരുന്ന രാജ്യത്ത് കൂടുതല്‍ രോഗ വ്യാപനമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. സംസ്ഥാനത്തിന് പുറത്തായാലും കൊവിഡ് രോഗികളെ സ്വകാര്യ വാഹനങ്ങളില്‍ കയറ്റാന്‍ പലരും തയാറാകാത്ത സാഹചര്യമാണുള്ളത്. ആംബുലന്‍സിന് വേണ്ടി കാത്തുനിന്ന് ജീവന്‍ അപകടത്തിലാകുന്നതും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പട്ടാളത്തില്‍ ചേരണമെന്നായിരുന്നു ഈ യുവാവിന്റെ ആഗ്രഹം. ‘എന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായില്ല. അങ്ങനെ ഞാന്‍ മഹാമാരിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുകയാണിപ്പോള്‍’. ആകാശ് പറഞ്ഞു. നാലുവര്‍ഷമായി ഇയാള്‍ ഓട്ടോ ഡ്രൈവര്‍ ആയി ജോലി ചെയ്യുകയാണ്. കൊവിഡ് കാരണം ആളുകള്‍ യാത്ര ചെയ്യാന്‍ കഷ്ടപ്പെടുന്നത് കണ്ടാണ് സൗജന്യ യാത്ര നല്‍കുന്നത്. രോഗികളെ വീട്ടില്‍ നിന്ന് ആശുപത്രിയിലേക്കും തിരിച്ചും തന്റെ വാഹനത്തില്‍ എത്തിക്കുകയും ചെയ്യും.