കൊവിഡ് മഹാമാരിയിലും ഓണത്തെ വരവേല്‍ക്കാനൊരുങ്ങി പേരാമ്പ്ര; വസ്ത്രാലയങ്ങളിലും ഇലക്ട്രോണിക് ഷോപ്പുകളിലും ഓഫറുകളുടെ പെരുമഴക്കാലം, കരുതലോടെ നമുക്ക് ഓണത്തെ വരവേല്‍ക്കാം


പേരാമ്പ്ര: മഹാമാരിയുടെ ദുരിതപ്പെയ്‌ത്തുകൾ തുടരുമ്പോഴും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങി. ഉത്രാടവും തിരുവോണവും കെങ്കേമമാക്കാൻ എവിടെയും തിരക്ക്‌. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ, വസ്‌ത്രശാലകൾ, ഇലക്‌ട്രോണിക്സ്‌ കടകൾ എന്നിവിടങ്ങളിലെല്ലാം തിരക്കേറെ.

നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ട്രാഫിക് നിയന്ത്രണത്തിന് പൊലീസ്‌ സജീവമായി രംഗത്തുണ്ട്. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചാകണം വിൽപ്പനയെന്ന്‌ കഴിഞ്ഞ ദിവസം ചേർന്ന വ്യാപാരികളുടെ യോഗത്തിൽ കർശന നിർദേശം നൽകിയിട്ടുണ്ട്. ലംഘനമുണ്ടായാൽ അധികൃതരുടെ പിടിവീഴും.

കോവിഡ്‌ നിയന്ത്രണങ്ങളിൽ ഇളവ്‌ വന്നതോടെ പ്രതീക്ഷകളുടെ തീരത്താണ്‌ വ്യാപാരികൾ. കഴിഞ്ഞ വിഷുവിനു ശേഷം അടച്ചിടലിൽ കുടുങ്ങിയ വ്യാപാര സ്ഥാപനങ്ങൾ പുത്തനുണർവിലാണിപ്പോൾ. കോവിഡ്‌ വ്യാപനം രൂക്ഷമായതിനാൽ പെരുന്നാളിലും പല സ്ഥാപനങ്ങളും തുറക്കാനായില്ല. അവർക്കെല്ലാം ആശ്വാസമാണ്‌ ഓണക്കച്ചവടം.

ആകർഷകമായ വിലക്കിഴിവുകളുമുണ്ട്. തുണിക്കടകളും ചെരുപ്പുകടകളുമാണ്‌ ഇളവുകളിൽ മുന്നിൽ. ഇലക്‌ട്രോണിക്സ്‌ സ്ഥാപനങ്ങൾക്കും ചാകരയാണ്‌. വിൽപ്പന സമയം രാത്രി ഒമ്പതുവരെയാക്കിയത്‌ സഹായമായതായി കച്ചവടക്കാർ പറയുന്നു.