കൊവിഡ് മരണം കുറവ്, വാക്‌സീന്‍ പാഴാക്കിയില്ല, കേരളത്തിന് കേന്ദ്രത്തിന്റെ പ്രശംസ; വാക്‌സീന്‍ കൂട്ടാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഉറപ്പ്


തിരുവനന്തപുരം: കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. വാക്‌സിനേഷന്‍ കാര്യക്ഷമായി നടപ്പാക്കുന്നതായും കൊവിഡ് മരണ നിരക്ക് കുറച്ച് നിര്‍ത്താന്‍ സാധിച്ചതായും കേന്ദ്രം വിലയിരുത്തി. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍ നല്‍കാമെന്നും കേന്ദ്ര ആരോഗ്യമന്ത്രി കൊവിഡ് അവലോകന യോഗത്തില്‍ ഉറപ്പ് നല്‍കി

കേരളത്തില്‍ കൊവിഡ് രോഗവ്യാപനം കുറയാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ സ്ഥിതിഗതികള്‍ നേരിട്ടെത്തി വിലയിരുത്തിയത്. കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം വൈകിയാണ് തുടങ്ങിയത്. കേരളത്തിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച കേന്ദ്രമന്ത്രി സംസ്ഥാനത്ത് കൊവിഡ് മരണ നിരക്ക് കുറച്ച് നിര്‍ത്താനായെന്നും യോഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ആരോഗ്യസംവിധാനം മികച്ചതാണെന്നും യോഗത്തില്‍ കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

വാക്‌സിനേഷനില്‍ കേരളം രാജ്യ ശരാശരിയേക്കാള്‍ മുന്നിലാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും യോഗത്തില്‍ പറഞ്ഞു. ഓഗസ്റ്റ്, സെപ്തംബര്‍ മാസത്തേയ്ക്ക് 1.11കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വാക്‌സിന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കുകയും ചെയ്തു.

കുടാതെ കേരളം സ്വന്തം നിലയില്‍ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള സാധ്യത ആലോചിക്കുന്നുണ്ടെന്നും യോഗത്തില്‍ അറിയിച്ചു. ഇതില്‍ പൂര്‍ണ പിന്തുണ കേന്ദ്രം അറിയിച്ചു. വാക്‌സിന്‍ നിര്‍മ്മാണ യൂണിറ്റില്‍ സെക്രട്ടറി തലത്തില്‍ ചര്‍ച്ച നടത്താനും കേന്ദ്ര മന്ത്രി നിര്‍ദ്ദേശിച്ചു. ഒന്നര മണിക്കൂര്‍ നീണ്ട് നിന്ന യോഗത്തില്‍ മന്ത്രിമാര്‍ക്ക് പുറമെ ചീഫ് സെക്രട്ടറി, ഡിജിപി, ആരോഗ്യവകുപ്പ് പ്രന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും പങ്കെടുത്തു.