കൊവിഡ് പ്രതിരോധം ശക്തമാക്കാനുള്ള വാക്‌സിന്‍ ഡ്രൈവിന് ജില്ലയില്‍ തുടക്കം; 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യ ഡോസ് ആഗസ്റ്റ് 15നുള്ളില്‍ പൂര്‍ത്തിയാക്കും


കോഴിക്കോട്‌: കോവിഡ്‌ പ്രതിരോധം ശക്തമാക്കാനുള്ള വാക്‌സിൻ ഡ്രൈവിന്‌ ജില്ലയിൽ തുടക്കമായി. 60 വയസ്സിനു മുകളിലുള്ളവർക്കുള്ള ആദ്യ ഡോസാണ്‌ 15 നകം പൂർത്തിയാക്കുക. കിടപ്പിലായവർ, അവസാനവർഷ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും എൽപി, യുപി സ്‌കൂൾ അധ്യാപകർക്കും ഡ്രൈവിന്റെ ഭാഗമായി വാക്‌സിൻ നൽകും.

തിങ്കളാഴ്‌ച 19,379 പേർക്കാണ്‌ വാക്‌സിൻ നൽകിയത്‌. ഇതിൽ പകുതിയും 60 വയസ്സിനു മുകളിലുള്ളവരാണ്‌. ഒന്നും രണ്ടും ഡോസുൾപ്പെടെ 9050 പേർക്കാണ്‌ ഈ വിഭാഗത്തിൽ കുത്തിവെപ്പ്‌ നൽകിയത്‌. ഇതിനായി വിതരണ കേന്ദ്രങ്ങളിൽ സ്‌പോട്ട്‌ രജിസ്‌ട്രേഷൻ സൗകര്യം ഏർപ്പെടുത്തിയിരുന്നു. ഓൺലൈനിൽ രജിസ്‌റ്റർ ചെയ്‌ത്‌ ഇതുവരെ സ്‌ളോട്ട്‌ കിട്ടാത്തവർ ആ നമ്പറുമായാണ്‌ സ്‌പോട്ട്‌ രജിസ്‌ട്രേഷന്‌ എത്തേണ്ടത്‌. ആശാ വർക്കർമാർ മുഖേന പേര്‌ ആരോഗ്യ കേന്ദ്രത്തിൽ രജിസ്‌റ്റർ ചെയ്യണം. വാക്‌സിൻ എത്തുന്ന മുറയ്‌ക്ക്‌ അവർ അറിയിപ്പ്‌ നൽകും.

വാക്‌സിൻ ഡ്രൈവ്‌ ആരംഭിച്ചെങ്കിലും ആവശ്യത്തിനുള്ള വാക്‌സിൻ കേന്ദ്രസർക്കാർ ലഭ്യമാക്കാത്തത്‌ പ്രതിസന്ധിയാവുന്നുണ്ട്‌. കഴിഞ്ഞ ദിവസം 26,000 ഡോസാണ്‌ ഉണ്ടായിരുന്നത്‌. അതിൽ 19,379 ഉം തിങ്കളാഴ്‌ച നൽകി.