കൊവിഡ് പ്രതിരോധം; കോഴിക്കോട് ജില്ലയില്‍ ആദ്യ ഡോസ് വാക്‌സീന്‍ എടുത്തത് 91.61 ശതമാനം പേര്‍


കോഴിക്കോട്: ജില്ലയിൽ ഇതുവരെ ആദ്യ ഡോസ് കോവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ചത് 91.61% പേർ. 31 ,22,160 ഡോസ് വാക്സീനാണ് ഇതുവരെ വിതരണം ചെയ്തത്. ഇതിൽ 22,26,882 ആളുകൾ ആദ്യ ഡോസും 8,95,278 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.18 മുതൽ 45 വരെ പ്രായ പരിധിയിലുള്ള 9,90102 പേർ ആദ്യ ഡോസ് സ്വീകരിച്ചു. 1,73791 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്.

45 മുതൽ 60 വരെ പ്രായപരിധിയിലുള്ള 6,17,371 പേർ ആദ്യ ഡോസും 3,06,938 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 60 വയസ്സിനു മുകളിലുള്ള 5,11,444 പേർ ആദ്യ ഡോസ് വാക്സീനും 3,20,209 പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യ പ്രവർത്തകരിൽ 52,717 പേരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. 45,072 പേർ രണ്ടാം ഡോസും സ്വീകരിച്ചു. മറ്റു കോവിഡ് മുൻനിര പോരാളികളിൽ 55,248 പേർ ആദ്യ ഡോസും 49,268 പേർ രണ്ടാം ഡോസും സ്വീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ജില്ലയിൽ ഇന്നലെ 1735 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. വി.ജയശ്രി പറഞ്ഞു. 11585 പേരെയാണ് പരിശോധിച്ചത്. 15.17 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പൂർണ കോവിഡ് പ്രതിരോധ വാക്സിനേഷൻ ജില്ലയെന്ന ലക്ഷ്യം ഉടൻ കൈവരിക്കുന്നതിനു 18 വയസ്സിനു മുകളിൽ പ്രായമുള്ളവർ എത്രയും പെട്ടെന്നു വാക്സീൻ എടുക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.വി.ജയശ്രീ ആവശ്യപ്പെട്ടു.