കൊവിഡ്: പേരാമ്പ്ര മേഖലയിലെ പതിനൊന്ന് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണില്‍; വാര്‍ഡുകളും നിയന്ത്രണങ്ങളും അറിയാം
പേരാമ്പ്ര: പ്രതിവാര രോഗ വ്യാപന തോത് (ഡബ്ല്യുഐപിആര്‍) അടിസ്ഥാനമാക്കി ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുതുക്കി. ഡബ്ല്യുഐപിആര്‍ പത്തില്‍ കൂടുതലുള്ള വാര്‍ഡുകളിലാണ് ഒരാഴ്ചത്തേക്കു കര്‍ശന ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. പേരാമ്പ്ര മേഖലയിലെ ആറ് പഞ്ചായത്തുകളില്‍ നിന്നായി പതിനൊന്ന് വാര്‍ഡുകളാണ് കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇത് 42 വാര്‍ഡുകളായിരുന്നു.
മേപ്പയ്യൂര്‍ പഞ്ചായത്തില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണത്തിലും കുറവുണ്ട്. നിലവില്‍ നാല് വാര്‍ഡുകള്‍ മാത്രമാണ് മേപ്പയൂരില്‍ കണ്ടെയിന്മെന്റ് സോണുകളുടെ പട്ടികയിലുള്‍പ്പെട്ടിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇത് പന്ത്രണ്ട് വാര്‍ഡുകളായിരുന്നു.
തുറയൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലെ രണ്ടു വാര്‍ഡുകള്‍ വീതവും, ചങ്ങരോത്ത് കീഴരിയൂര്‍ എന്നീ പഞ്ചാത്തുകളില് ഓരോ വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണുകളാണ്. അരിക്കുളവും ചക്കിട്ടപാറയും കൂത്താളിയും കണ്ടെയിന്മെന്റ് സോണില്‍ നിന്നൊഴിവായതിനാല് പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയിലായി.
കണ്ടെയിന്മെന്റ് സോണായ വാര്‍ഡുകള്‍
- ചങ്ങരോത്ത് – മുതുവണ്ണാച്ച (വാര്‍ഡ് 15)
- ചെറുവണ്ണൂര്‍ – മാണിക്കോത്ത് (വാര്‍ഡ് 6), കണ്ടീത്താഴ (9)
- കീഴരിയൂര്‍- കീരംകുന്ന് (12)
- മേപ്പയ്യൂര്‍ – എടത്തില്‍മുക്ക് (4), മടത്തുംഭാഗം (5), ചങ്ങരംവള്ളി (6), കൊഴുക്കല്ലൂര്‍ (9)
- നൊച്ചാട്- ചേനോളി (5)
- തുറയൂര്‍ – ഇരിങ്ങത്ത് ടൗണ്‍ (വാര്‍ഡ് 7), ചൂരക്കാട് (9)
നിയന്ത്രണങ്ങള്‍:
1.നിയന്ത്രണങ്ങളില്‍ ഏറ്റവും പ്രധാനം ഡബ്ലിയു ഐ പി ആര് അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്ത്/കോര്പ്പറേഷന്/ മുനിസിപ്പല്‍ വാര്‍ഡുകളിലും അകത്തേക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുകയില്ല.
2. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ മാത്രമേ അനുവദനീയമായിട്ടുളളൂ. പ്രവര്‍ത്തന സമയം രാവിലെ ഏഴ് മണി മുതല്‍ ഉച്ചയ്ക്ക് 2 വരെ, മരുന്നു ഷോപ്പുകള്‍ക്കും ആരോഗ്യ കേന്ദ്രങ്ങള്‍ക്കും സമയപരിധില്ല.
3. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹോം ഡെലിവറി മാത്രം. രാവിലെ 7 മണി മുതല്‍ രാത്രി 7 മണി വരെ പ്രവര്‍ത്തിക്കാം.
4. ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉച്ചയ്ക്ക് 2 മണി വരെ മാത്രം പ്രവര്‍ത്തിക്കാം. തിരക്ക് കൂടുന്നത് നിയന്ത്രിക്കേണ്ടത് മാനേജരുടെ ഉത്തരവാദിത്തമാണ്. സാമൂഹിക അകലം പാലിക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്.
5. കള്ളു ഷോപ്പുകളില്‍ ഉച്ചയ്ക്ക് 2 മണി വരെ പാര്‍സല്‍ മാത്രം അനുവദിക്കുന്നതാണ്.
6. അവശ്യ സര്‍വീസുകളില്‍ ഉള്‍പ്പെട്ട പൊലീസ്, റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്ക്യൂ, തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. മറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഹാജരായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടത്.
7. നിയന്ത്രണങ്ങള്‍ കാരണം പുറത്തു പോകാന്‍ കഴിയാത്ത മറ്റു സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരും ഇതേ രീതിയില്‍ ചെയ്യേണ്ടതാണ്.
8. എം.എസ്.എം.ഇ യൂണിറ്റുകള്‍ നിയന്ത്രണവിധേയമായി പ്രവര്‍ത്തിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നും പ്രദേശത്തുനിന്നും ആരുംതന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്ത് ജോലിക്ക് വരാന്‍ പാടില്ല.
9. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാവുന്നതാണ്. എന്നാല്‍ നിയന്ത്രണമുള്ള വാര്‍ഡില്‍ നിന്നും പ്രദേശത്തുനിന്നും ആരുംതന്നെ വിലക്ക് ലംഘിച്ച് യാത്ര ചെയ്തു ജോലിക്ക് വരാന്‍ പാടില്ല.
10. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയന്ത്രണങ്ങളോടെ തുടരാവുന്നതാണ്. അഞ്ചു പേരില്‍ കൂടുതല്‍ ഇല്ലാത്ത ഗ്രൂപ്പുകളായി മാത്രമേ തൊഴിലില്‍ ഏര്‍പ്പെടാവൂ.
11. ആരാധനാലയങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
12. വിവാഹങ്ങള്‍ക്കും മരണാനന്തര ചടങ്ങുകള്‍ക്കും പത്തില്‍ കൂടുതല്‍ പേര് പങ്കെടുക്കാന്‍ പാടില്ല.
14. അക്ഷയകേന്ദ്രങ്ങളും ജനസേവനകേന്ദ്രങ്ങളും രാവിലെ ഏഴുമണിമുതല്‍ ഉച്ചയ്ക്ക് രണ്ടുമണിവരെ അനുവദിക്കുന്നതാണ്. കൊറിയര്‍ സര്‍വീസിന് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കുന്നതാണ്.
15. പ്രസ്തുതവാര്‍ഡുകളില്‍ കര്‍ശനമായ ബാരികേഡിംഗ് നടത്തേണ്ടതാണ്. ഈ വാര്‍ഡുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള യാത്ര കര്‍ശനമായി നിരോധിച്ചിരിക്കുന്നു.
16. മേല്പറഞ്ഞിരിക്കുന്ന വാര്‍ഡില്‍ ഉള്‍പ്പെട്ടവര്‍ അടിയന്തിര വൈദ്യസഹായത്തിനും അവശ്യവസ്തുക്കള്‍ വാങ്ങാനുമല്ലാതെ വീടിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചിരിക്കുന്നു.