കൊവിഡ്: കൂരാച്ചുണ്ടില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു; റോഡുകള്‍ അടച്ചു, വ്യാപാര സ്ഥാപനങ്ങളുടെ സമയക്രമത്തിലും മാറ്റം, നോക്കാം വിശദമായി


കൂരാച്ചുണ്ട്: പഞ്ചായത്ത് പരിധിയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതോടെ കലക്ടറുടെ ഉത്തരവ് പ്രകാരം നിയന്ത്രണങ്ങൾ ശക്തമാക്കാൻ പഞ്ചായത്ത്തല കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. പഞ്ചായത്തിന്റെ അതിർത്തി ഭാഗങ്ങളായുള്ള 27ാം ൽ, എരപ്പാംതോട്, പൊറാളി, കേളോത്തുവയൽ, കാളങ്ങാലി മേഖലകളിൽ ജനപ്രതിനിധികൾ,പൊലീസ്,ആർആർടി എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ റോഡ് അടച്ചു. പഞ്ചായത്തിൽ നിന്നു പുറത്തേക്കും അകത്തേക്കും ജനങ്ങൾക്ക് പ്രവേശനമില്ല.

അവശ്യസേവന വ്യാപാര സ്ഥാപനങ്ങൾ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കും. പഞ്ചായത്ത് മേഖലയിൽ ആരോഗ്യ ജാഗ്രത മുന്നറിയിപ്പിന്റെ ഭാഗമായി മൈക്ക് പ്രചാരണം നടത്തും. നിർമാണ പ്രവൃത്തികൾ പൂർണമായും നിർത്തിവയ്ക്കും. പഞ്ചായത്തിൽ കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കും. കോളനികൾ കേന്ദ്രീകരിച്ച് പ്രത്യേക ആന്റിജൻ ടെസ്റ്റ് നടത്താൻ തീരുമാനിച്ചു.

പൊതുജനങ്ങൾ കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടോയെന്ന് അധികൃതർ പരിശോധന നടത്തും. പഞ്ചായത്ത് മേഖലയിൽ ഇന്നലെ 255 കോവിഡ് ബാധിതര്‍ ഉണ്ട്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു.