കൊവിഡ്: കരുതൽ ഡോസിന് അർഹതയുണ്ടോ? പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും, വ്യവസ്ഥകൾ ഇങ്ങനെ
ന്യൂഡല്‍ഹി: കരുതൽ ഡോസിന് അർഹരായവർക്ക് ഇന്ന് മുതൽ കോവിൻ ആപ്പ് വഴി അപ്പോയിന്മെന്‍റ് എടുക്കാമെന്ന് ആരോഗ്യ മന്ത്രാലയം . വാക്സിനേഷന് ആർഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മൂന്നാമത്തെ ഡോസ് വാക്സീനായി പ്രത്യേകം രജിസ്ട്രര്‍ ചെയ്യേണ്ടതില്ല.
രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞാൽ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുക്കുകയോ നേരിട്ട് കേന്ദ്രത്തിൽ എത്തുകയോ ചെയ്യാം. പത്താം തിയ്യതി ആണ് രാജ്യത്ത് കരുതൽ ഡോസിന്റെ വിതരണം തുടങ്ങുന്നത്. ആദ്യഘട്ടത്തിൽ കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമായിരിക്കും കരുതൽ ഡോസ് നൽകുക.
ആദ്യം രണ്ട് തവണ സ്വീകരിച്ച വാക്സിൻ തന്നെയാണ് കരുതൽ ഡോസായും സ്വീകരിക്കേണ്ടത്. കൊവാക്സിൻ സ്വീകരിച്ചവർ കൊവാക്സിനും കൊവിഷീൽഡ് സ്വീകരിച്ചവർ കൊവിഷീൽഡും തന്നെ സ്വീകരിക്കണമെന്ന് നിതി ആയോഗ് അംഗം ഡോ. വികെ പോൾ വ്യക്തമാക്കി.
കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങളോട് മുന്നൊരുക്കം നടത്താന്‍ കേന്ദ്രം നിര്‍ദ്ദേശം നൽകിയിരുന്നു. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം വിലയിരുത്തുകയാണ്. പിഎസ്‍എ പ്ലാന്റുകൾ, ഓക്സിജൻ കോൺസൻട്രേറ്ററുകൾ, ഓക്സിജൻ സിലിണ്ടർ, വെന്റിലേറ്ററുകൾ എന്നിവയുടെ ലഭ്യതയും പരിശോധിക്കും. ഏഴ് മാസത്തിന് ശേഷം രാജ്യത്ത് കൊവിഡ് കേസുകള്‍ ഒരു ലക്ഷം കടന്നിരിക്കുകയാണ്.