കൊവാക്സിനും കൊവിഷീൽഡും ഒമിക്രോണിനെ പ്രതിരോധിക്കുമോ? വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ


കൊവിഡ് വാക്സിനുക​ളായ കൊവിഷീൽഡ്, കൊവാക്സിൻ എന്നിവയ്ക്ക് ഒമിക്രോണിനെ പ്രതിരോധിക്കാൻ കഴിയുമെന്ന വിദ​ഗ്ധർ. പുതിയ വകഭേദം വാക്സിനുകളുടെ ഫലപ്രാപ്തിയെ വെല്ലുവിളിക്കാൻ സാധ്യതയുണ്ട്. പക്ഷേ, നമ്മുടെ വാക്സിനുകൾ ആശുപത്രിവാസത്തെയും മരണത്തെയും തടയുന്നുവെന്ന് നമുക്കറിയാം. അത്തരം വകഭേദങ്ങളിൽ നിന്നുള്ള അണുബാധ ഒഴിവാക്കാൻ ആളുകൾ രണ്ട് ഡോസ് വാക്സിൻ എടുക്കുകയും സാമൂഹിക അകലം പാലിക്കുകയും മാസ്ക ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും വേണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) എപ്പിഡെമിയോളജി ആന്റ് കമ്യൂണിക്കബിൾ ഡിസീസ് വിഭാഗത്തിന്റെ മുൻ തലവനും മുതിർന്ന ശാസ്ത്രജ്ഞനുമായ രാമൻ ഗംഗാഖേദ്കർ പറഞ്ഞു.

SARS-CoV-2 പോലുള്ള രോഗാണുക്കളുടെ ഉത്ഭവം പരിശോധിക്കാൻ നിയോഗിച്ച ലോകാരോഗ്യ സംഘടനയിലെ 26 അംഗങ്ങളിൽ ഒരാളാണ് ഗംഗാഖേദ്കർ. വാക്‌സിൻ ഒഴിവാക്കാനുള്ള ഒമിക്രോണിന്റെ കഴിവോ അല്ലെങ്കിൽ സ്വാഭാവിക അണുബാധ മൂലമുണ്ടാകുന്ന രോഗപ്രതിരോധ പ്രതികരണമോ മനസിലാക്കാൻ ഇതുവരെ മതിയായ ഡാറ്റയില്ല. വാക്സിൻ എടുക്കാത്തവർ രണ്ട് ഡോസ് വാക്സിൻ എടുക്കണം. ഒരു ഡോസ് എടുത്തവർ രണ്ടാമത്തെ ഡോസ് എത്രയും വേഗം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ ലഭ്യമായ വാക്‌സിനുകൾ ഒമിക്രോൺ മൂലമുണ്ടാകുന്ന ഗുരുതരമായ രോഗങ്ങളിൽ നിന്ന് നമ്മെ സംരക്ഷിക്കുമോ എന്ന് നിർവചിക്കാൻ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് ദേശീയ കൊവിഡ് ടാസ്‌ക് ഫോഴ്‌സിലെ അംഗമായ പകർച്ചവ്യാധി വിദഗ്ധൻ സഞ്ജയ് പൂജാരി പറഞ്ഞു.

വാക്സിനുകൾ ഒമിക്രോണിൽ നിന്ന് സംരക്ഷണം നൽകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ വാക്സിൻ വിദഗ്ധൻ പ്രസാദ് കുൽക്കർണി പറഞ്ഞു. ഒമിക്രോണിനെക്കുറിച്ച് ആശങ്കപ്പെടേണ്ട ആവശ്യമൊന്നും കാണുന്നില്ല. വാക്സിനുകൾ ഈ വേരിയന്റിനെതിരെ ശക്തമായി പ്രവർത്തിക്കുമെന്നാണ് കരുതുന്നതെന്ന് നാ​ഗ്പൂർ എയിംസിലെ കമ്മ്യൂണിറ്റി ആൻഡ് പ്രിവിന്റീവ് മെഡിസിൻ വിദഗ്ധൻ അരവിന്ദ് കുശ്വാഹ പറഞ്ഞു.