കൊഴുപ്പകറ്റി, ഒതുങ്ങിയ വയര്‍ വേണോ? എങ്കില്‍ ഈ കാര്യങ്ങള്‍ ശീലമാക്കാം…


ർദ്ധിച്ച ജോലിഭാരവും അലസതയും മറ്റു കാരണങ്ങൾ കൊണ്ടും പലർക്കും തങ്ങളുടെ ശരീരം പരിപാലിക്കാൻ സമയം ചെലവഴിക്കാൻ കഴിഞ്ഞെന്നു വരില്ല. ഇതുകൂടാതെ, ജങ്ക് ഫുഡോ അധിക കലോറികളോ കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കാനും കാരണമാകുന്നു. എന്നാൽ ഇത്തരം ശീലങ്ങൾ മൂലമുണ്ടാകുന്ന രോഗങ്ങളും അവയുടെ അപകട സാധ്യതയും കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണരീതി ശീലേക്കണ്ടത് അത്യാവശ്യമാണ്.

വയറിലാണ് ശരീരത്തിലെ കൊഴുപ്പിന്റെ ഭൂരിഭാഗവും അടിഞ്ഞുകൂടുന്നത്. അതു മൂലം പലർക്കും അവരുടെ ശരീരത്തെക്കുറിച്ച് അപകർഷതാ ബോധം പോലും തോന്നുന്നു. വയറിലെ കൊഴുപ്പ് (Belly Fat) കുറയ്ക്കുന്നതിന് സഹായിക്കുന്ന ലളിതമായ ചില ഭക്ഷണ ശീലങ്ങളും ജീവിതശൈലികളും പരിചയപ്പെടാം.

  1. ഒന്നിച്ച് കഴിക്കാതെ ഇടക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക

നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് ഒരു ട്രാക്ക് സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. പ്രോട്ടീൻ ഉപഭോഗം വർദ്ധിപ്പിക്കുകയോ ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് പരിമിതപ്പെടുത്തുകയോ പോലുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ ശീലം സഹായിക്കുന്നു. ദഹനത്തെ സഹായിക്കുന്നതിനും ശരീരത്തിനുണ്ടാകുന്ന ആയാസം കുറയ്ക്കുന്നതിനും ഓരോ 3-4 മണിക്കൂറിലും ചെറിയ അളവിൽ ഭക്ഷണം കഴിക്കാനാണ് ആരോ​ഗ്യ വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്. കുറഞ്ഞ കലോറിയുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുത്തും വയറിലെ കൊഴുപ്പ് കുറയ്ക്കാം.

2. ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുന്നത് ശരീരത്തെ ശുദ്ധീകരിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് വയറിലെ കൊഴുപ്പ് കളയാനും സഹായകരമാണ്. ധാരാളം വെള്ളം കുടിക്കുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ഭക്ഷണ ഉപഭോഗം കുറയ്ക്കാനും വിശപ്പ് പരിമിതപ്പെടുത്താനും സഹായിക്കും. തൻമൂലം ശരീര ഭാരവും വയറിലെ കൊഴുപ്പും കുറയും. ദിവസവും 6-8 ഗ്ലാസ് വെള്ളം കുടിക്കാനാണ് വിദ​ഗ്ധർ നിർദ്ദേശിക്കുന്നത്.

3. ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്തുക

അധ്വാനിച്ചാൽ മാത്രം ശരീരഭാരം കുറയും എന്നത് ഒരു മിഥ്യ ധാരണയാണ്. കൊഴുപ്പ് ഇല്ലാതാകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെ കൂടി ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരത്തിന് ആവശ്യമായ അളവിൽ പ്രോട്ടീനും നാരുകളും ആവശ്യമാണ്. എന്നാൽ ശരീരത്തിന് ദോഷകരമായ ഭക്ഷണങ്ങളുടെ ഉപഭോ​ഗം കുറക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ വേണം. ശുദ്ധീകരിച്ച പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നത് ശ്രദ്ധേയമായ മാറ്റങ്ങൾ കൊണ്ടുവരും. ഓട്‌സും മറ്റ് ഫൈബർ കാർബോഹൈഡ്രേറ്റുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് വേണ്ട രീതിയിൽ നിലനിർത്തുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.

4. നന്നായി ഉറങ്ങുക

ശരീരഭാരം കൂടുന്നതിനുള്ള കാരണങ്ങളിലൊന്നാണ് ഉറക്കക്കുറവ്. ശരീരഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നുണ്ടെങ്കിൽ, നിങ്ങൾക്ക് ആവശ്യമുള്ളത്ര ഉറക്കം ലഭിക്കുന്നു എന്ന് ഉറപ്പാക്കണം.

5. മദ്യപാനം ഉപേക്ഷിക്കുക

അമിതമായ മദ്യപാനം വയറിലെ കൊഴുപ്പ് വർദ്ധിക്കുന്നതിന് ഒരു കാരണമാണ്. ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ മിതമായ അളവിൽ മദ്യം കഴിക്കുകയോ പൂർണമായും ഉപേക്ഷിക്കുകയോ ചെയ്യുക

6. രാത്രി ഭക്ഷണം നേരത്തെ കഴിക്കുക

രാത്രി ഭക്ഷണം വൈകി കഴിക്കുന്നത് കുടവയർ കൂട്ടും. ഭക്ഷണം കഴിച്ച ഉടൻ കിടന്നുറങ്ങാൻ പോകുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പ് ഊർജമായി പോകാനുള്ള സാധ്യത ഇല്ലാതാകും. നേരെ മറിച്ച് കിടന്നുറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും ഭക്ഷണം കഴിക്കുമ്പോൾ പിന്നീടും നമ്മൾ ആക്റ്റീവായി ഇരിക്കുന്നതിലൂടെ കൊഴുപ്പ് പെട്ടെന്ന് അലിഞ്ഞുപോകും.