കൊളാവിപ്പാലത്ത് യുവതിയെ മണ്‍വെട്ടികൊണ്ട് ആക്രമിച്ച കേസിലെ ഏഴ് പ്രതികള്‍ റിമാന്‍ഡില്‍


പയ്യോളി: പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിന് ഇരിങ്ങല്‍ കൊളാവിപ്പാലത്ത് യുവതിയെ ആക്രമിച്ച കേസിലെ ഏഴ് പ്രതികളെയും പയ്യോളി മുന്‍സീഫ് കോടതി റിമാന്‍ഡ് ചെയ്തു. കൊളാവി സ്വദേശി ലിഷയെ മണ്‍വെട്ടി കൊണ്ടാക്രമിച്ച് പരിക്കേല്‍പ്പിച്ച് കേസിലാണ് പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തത്.

നവംബര്‍ 28 ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറമ്പിലൂടെ വഴിവെട്ടുന്നത് ചോദ്യം ചെയ്തതിന് യുവതിയെ പ്രതികള്‍ ആക്രമിക്കുകയായിരുന്നു. തലയ്ക്ക് മണ്‍വെട്ടികൊണ്ടുളള അടിയേറ്റ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

യുവതിയുടെ പരാതിയില്‍ 37 പേര്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് പയ്യോളി പോലീസ് കേസെടുത്തിരുന്നു. ഇതോടെ ഒളിവില്‍ പോയ പ്രതികള്‍ കോഴിക്കോട് സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി കഴിഞ്ഞദിവസമിത് തള്ളിയിരുന്നു. തുടര്‍ന്നാണ് പ്രതികള്‍ ഇന്ന് പയ്യോളി മുന്‍സീഫ് കോടതിയിലെത്തി കീഴടങ്ങിയത്.

പ്രതികളായ കൊളാവി ഷിജു (43), ചെറിയാവി ഷൈബീഷ് (37), ചെറിയാവി സലീഷ് (41), ചെറിയാവി രജീഷ് (42), ചള്ളയില്‍ ലിജിന്‍ നാഥ് (30), കൊളാവിയില്‍ ബൈജു (40), പനയുള്ളതില്‍ ഷിജിത്ത് (41) എന്നിവരാണ് കീഴടങ്ങിയത്. പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇവരെ വടകരയിലുള്ള ജയിലിലേക്ക് മാറ്റി. ഇവരെ കൂടാതെ പ്രതിപട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് പയ്യോളി പോലീസ് പോലീസ് പേരാാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

സംഭവത്തിന് ശേഷം ലിഷയും അമ്മ ബേബി കമലയും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഇരുവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടിരുന്നു. അതോടൊപ്പം പയ്യോളി മുന്‍സിഫ് കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ പറമ്പിനു ചുറ്റും കമ്പിവേലി നിര്‍മ്മിക്കാന്‍ കോടതി അനുമതി നല്കിയിരുന്നു.