‘കൊല്ലുന്ന പ്രണയം’; കഴിഞ്ഞ നാല് വര്‍ഷത്തിനിടെ കേരളത്തില്‍ പ്രണയത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 12 സ്ത്രീകള്‍; ഈ വര്‍ഷം ഇതുവരെ രണ്ട് കൊലകള്‍


SPECIAL STORY

കോട്ടയം ജില്ലയിലെ പാലായില്‍ പെണ്‍കുട്ടിയെ സഹപാഠിയായ യുവാവ് കഴുത്തറുത്ത് കൊന്നതിന്റെ ഞെട്ടലില്‍ നിന്ന് സംസ്ഥാനം ഇനിയും മുക്തമായിട്ടില്ല. പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ മൊഴി പ്രകാരം ഇരുവരും തമ്മില്‍ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. പെണ്‍കുട്ടി ഇതില്‍ നിന്ന് അകന്നതോടെയാണ് പ്രതി പട്ടാപ്പകല്‍ ഈ ക്രൂരകൃത്യം നടത്തിയത്.

കോട്ടയത്തിന്റെ അയല്‍ ജില്ലയായ എറണാകുളത്ത് രണ്ട് മാസം മുമ്പ് നടന്ന സമാനമായ സംഭവത്തിന്റെ ഓര്‍മ്മകള്‍ കേരളത്തിന്റെ മനസില്‍ നിന്ന് മാഞ്ഞിട്ടില്ല. കോതമംഗലത്ത് ഡെന്റല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന പി.വി മാനസയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കണ്ണൂര്‍ സ്വദേശി രഖില്‍ വെടി വച്ച് കൊന്നത് ജൂലൈ 30 നായിരുന്നു.

ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ രഖിലിനെ അടുത്തറിഞ്ഞതോടെ പ്രണയത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായി. തുടര്‍ന്ന് ബന്ധം പിരിയണമെന്ന് മാനസ ആവശ്യപ്പെട്ടെങ്കിലും രഖില്‍ തയ്യാറായില്ല. നിരന്തരമായ ഫോണ്‍വിളിയും ഭീഷണിയും ഉണ്ടായതോടെ വിഷയം പൊലീസിന് മുന്നിലെത്തി. കണ്ണൂര്‍ എ.സി.പിയുടെയും രഖിലിന്റെ മാതാപിതാക്കളുടെയും സാന്നിധ്യത്തില്‍ പ്രശ്‌നം ഒത്തുതീര്‍ത്തെങ്കിലും രഖിലിന്റെ ഉള്ളിലെ പക ഒടുങ്ങിയില്ല. ഇതാണ് മാനസയുടെ കൊലപാതകത്തിലേക്കും രഖിലിന്റെ ആത്മഹത്യയിലേക്കും നയിച്ചത്.

മാനസ, രഖിൽ

പ്രണയവുമായി ബന്ധപ്പെട്ട ഇത്തരത്തിലുള്ള പ്രതികാര കൊലപാതകങ്ങള്‍ സംസ്ഥാനത്ത് തുടരുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ പ്രണയത്തിന്റെ പേരില്‍ 12 സ്ത്രീകളാണ് കൊല്ലപ്പെട്ടതെന്ന് പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പൊലീസിന്റെ കണക്കില്‍ പെടാത്ത നിരവധി കൊലപാതകങ്ങള്‍ കൂടി ചേരുമ്പോള്‍ പ്രണയക്കൊലകളുടെ എണ്ണം വര്‍ധിക്കുമെന്നാണ് വനിതാ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നത്.

2017 ല്‍ ഇത്തരം മൂന്ന് കൊലപാതകങ്ങളാണ് നടന്നത്. 2018 ല്‍ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2019 ല്‍ അഞ്ചും 2020 ല്‍ രണ്ടും കേസുകള്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. 2021 ല്‍ ഇതുവരെ രണ്ട് കേസുകളാണ് ഉണ്ടായത്.

പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2017 ല്‍ 80, 2018 ല്‍ 76, 2019 ല്‍ 88, 2020 ല്‍ 96 എന്നിങ്ങനെയാണ് പ്രണയത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തവരുടെ എണ്ണം.

പല സംഭവങ്ങളിലും പല കാരണങ്ങളുണ്ടാകാമെന്ന് മനഃശാസ്ത്ര വിദഗ്ധര്‍ പറയുന്നു. ഇഷ്ടപ്പെടുന്ന ആള്‍ അകന്നുപോകുമ്പോള്‍ വൈകാരികമായി പ്രതികരിക്കുന്നതാണ് പ്രധാന കാരണം. താന്‍ പ്രണയിച്ച ആള്‍ തന്റേതു മാത്രമാകണമെന്നും മറ്റാര്‍ക്കും കിട്ടരുതെന്നും കരുതുന്നവരുണ്ട്. വ്യക്തിത്വ വൈകല്യവും സംശയവും മറ്റു മാനസിക പ്രശ്‌നങ്ങളും ജനിതക കാരണങ്ങളും പ്രതികാര കൊലപാതകങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കാറുണ്ടെന്നു വിദഗ്ധര്‍ പറയുന്നു.

പ്രണയത്തില്‍ വ്യക്തികളുടെ ഇഷ്ടത്തിനാണ് പ്രാധാന്യമെന്നും സ്വയം തീരുമാനമെടുക്കുന്നവരെ ആക്രമിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിന് പകരം അവരുടെ തീരുമാനത്തെ അംഗീകരിച്ച് സ്വന്തം വഴിയിലൂടെ മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഇതിനായി വളര്‍ന്നുവരുന്ന തലമുറയെ പരിശീലിപ്പിക്കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.