‘കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ല, ആയുധം കൊണ്ടുവന്നത് സ്വയം കൈ മുറിക്കാന്‍, വൈരാഗ്യത്തിന് കാരണം…’; പാലായില്‍ പെണ്‍കുട്ടിയെ കഴുത്തറുത്തു കൊന്ന അഭിഷേകിന്റെ മൊഴി


കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാര്‍ത്ഥിനിയെ കഴുത്തറുത്ത് കൊന്ന പ്രതി അഭിഷേക് പൊലീസിനോട് നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്. പെണ്‍കുട്ടിയെ കൊല്ലണം എന്ന് ഉദ്ദേശിച്ചിരുന്നില്ല എന്ന് അഭിഷേക് പൊലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട നിഥിനയുമായി താന്‍ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ അടുത്തിടെ ഈ പ്രണയത്തില്‍ അകല്‍ച്ചയുണ്ടായി. പക്ഷേ കൊല്ലണം എന്ന് ഉദ്ദേശിച്ചിരുന്നില്ല. ആയുധം കൊണ്ടു വന്നത് സ്വയം കൈ മുറിച്ച് പേടിപ്പിക്കാനായിരുന്നുവെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു.

പാലാ സെന്റ് തോമസ് കോളേജിലെ മൂന്നാം വര്‍ഷ ഫുഡ് പ്രൊസസിങ് ടെക്‌നോളജി വിദ്യാര്‍ത്ഥികളാണ് ഇരുവരും. വെള്ളിയാഴ്ച രാവിലെ സപ്ലിമെന്ററി പരീക്ഷ എഴുതാനായാണ് ഇവര്‍ കോളേജില്‍ എത്തിയത്. പരീക്ഷ അവസാനിച്ച് 11:30 ഓടെ നിഥിന പുറത്തിറങ്ങിയപ്പോഴാണ് ക്രൂരകൃത്യം അരങ്ങേറിയത്.

ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി എന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് അഭിഷേക് നിഥിനയെ കഴുത്തിന് കുത്തിപ്പിടിച്ച് നിലത്ത് കിടത്തിയ ശേഷം കൈവശമുണ്ടായിരുന്ന പേപ്പര്‍ കട്ടര്‍ കത്തി ഉപയോഗിച്ച് കഴുത്ത് മുറിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവിനെ തടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ നിഥിന ആശുപത്രിയിലെത്തുമ്പോഴേക്കും മരിച്ചിരുന്നു.

കൊല നടത്തിയ ശേഷം കത്തി താഴെയിട്ട് സമീപമുണ്ടായിരുന്ന ഇരിപ്പിടത്തില്‍ വിശ്രമിക്കുകയാണ് അഭിഷേക് ചെയ്തത്. ശാന്തനായി ഇരുന്ന പ്രതി പൊലീസ് എത്തിയപ്പോള്‍ അവര്‍ക്കൊപ്പം ജീപ്പില്‍ കയറിയെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.