കൊലപാതകത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം: പരാതി നല്‍കുമെന്ന് തിക്കോടിയിലെ കൃഷ്ണപ്രിയയുടെ കുടുംബം


കൊയിലാണ്ടി: തിക്കോടിയില്‍ യുവാവ് തീ കൊളുത്തി കൊന്ന കൃഷ്ണപ്രിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചരണങ്ങള്‍ നടത്തിയവര്‍ക്കെതിരെ പരാതി നല്‍കുമെന്ന് കുടുംബം. കൊലപാതകത്തിന് മുമ്പ് ഒരിക്കല്‍ പ്രതി നന്ദു കൃഷ്ണപ്രിയയുടെ വീട്ടില്‍ വന്ന ദിവസം പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി സംസാരിച്ച കാര്യങ്ങളുടെ ഓഡിയോ ആണ് ചില വ്യക്തികളും ഓണ്‍ലൈന്‍ മാധ്യമങ്ങളും തെറ്റായ തരത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് കുടുംബം പറയുന്നു.

നേരത്തേ സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി കൃഷ്ണപ്രിയയുടെ വീട് സന്ദര്‍ശിച്ചിരുന്നു. എല്ലാ സഹായവും ചെയ്യാമെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നതായി കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ് പറഞ്ഞു. വനിതാ കമ്മീഷന്റെ ലീഗല്‍ സെല്ലാണ് കൃഷ്ണപ്രിയയുടെ കുടുംബത്തിന് വേണ്ടി പൊലീസില്‍ പരാതി നല്‍കുന്നത്.

കൃഷ്ണപ്രിയ മരിച്ച് സംസ്‌കാരത്തിന് മുമ്പ് തന്നെ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉള്‍പ്പെടെ വ്യാജ പ്രചരണം ആരംഭിച്ചിരുന്നു. കൃഷ്ണപ്രിയയുടെയും നന്ദുവിന്റെയും കുടുംബങ്ങള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണം എന്ന കുറിപ്പോടെയാണ് ഓഡിയോ പ്രചരിക്കപ്പെട്ടത്.

കൃഷ്ണപ്രിയയെ മോശമായ വാക്കുകള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുന്നത് ഉള്‍പ്പെടെ ഓഡിയോയില്‍ ഉണ്ടായിരുന്നു. കൂടാതെ മറ്റ് പലതരത്തിലും കൃഷ്ണപ്രിയയെ കുറ്റപ്പെടുത്തുന്നതും എട്ട് മിനുറ്റിന് മുകളില്‍ ദൈര്‍ഘ്യമുള്ള ഓഡിയോയില്‍ ഉണ്ട്.

പ്രതി നന്ദുവിനെ ന്യായീകരിക്കുന്ന തരത്തിലാണ് ഓഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് തയ്യാറാക്കപ്പെട്ടത്. ഇരുവരും സോഷ്യല്‍ മീഡിയാ ദുരുപയോഗത്തിന്റെ ഇരകളാണെന്നും സംഭവത്തിലെ ‘യഥാര്‍ത്ഥ വില്ലന്‍’ മറ്റാരോ ആണെന്നും നന്ദു പാവമാണെന്നും കുറിപ്പില്‍ പറയുന്നു. ഈ പ്രചരണങ്ങള്‍ക്കെതിരെയാണ് കൃഷ്ണപ്രിയയുടെ കുടുംബം ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഡിസംബര്‍ 17 നായിരുന്നു പ്രതി നന്ദു കൃഷ്ണപ്രിയയെ പെട്രോളൊഴിച്ച് തീ കൊളുത്തിയത്. കൃഷ്ണപ്രിയ ജോലി ചെയ്യുന്ന തിക്കോടി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ വച്ച് കത്തി കൊണ്ട് കുത്തിയ ശേഷമാണ് നന്ദു പെട്രോളൊഴിച്ച് തീ കൊളുത്തിയത്. തുടര്‍ന്ന് നന്ദു സ്വയം തീ കൊളുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ആദ്യം കൃഷ്ണപ്രിയയും പിന്നീട് നന്ദുവും മരിക്കുകയായിരുന്നു.