കൊറോണ വൈറസുമായി സാമ്യമുള്ള നോറോ വൈറസ് വയനാട്ടില്‍ സ്ഥിരീകരിച്ചു; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം; രോഗലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളും അറിയാം


കല്‍പ്പറ്റ: സംസ്ഥാനത്ത് കൊറോണ വൈറസുമായി സാമ്യമുള്ള നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട്ടിലെ പൂക്കോട് വെറ്റിനറി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലാണ് വൈറസ് സ്ഥിരീകരിച്ചത്.

വെറ്റിനറി കോളേജ് വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ വയറിളക്കവും ഛര്‍ദ്ദിയും റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിദഗ്ധസംഘം സ്ഥലം സന്ദര്‍ശിച്ച് വിദ്യാര്‍ത്ഥിനികളുടെ മലം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇത് പരിശോധിച്ച ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സമാനമായ രോഗ ലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.

അതിവ്യാപന ശേഷിയുളള ഈ വൈറസ് പ്രധാനമായും ഛര്‍ദ്ദിയും അതിസാരവുമാണ് രോഗികളില്‍ ഉണ്ടാക്കുക. ഇതിനാല്‍ വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു. ഛര്‍ദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചില്‍, വയര്‍ വേദന, ഉയര്‍ന്ന പനി, തലവേദന, കൈകാല്‍ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങള്‍.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. എന്നാല്‍ ധാരാളം പാനീയങ്ങള്‍ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാല്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ കെട്ടടങ്ങും. നോറോവൈറസിന് കൊറോണ വൈറസുമായി നിരവധി സമാനതകളുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. കൊറോണ വൈറസിനെ പോലെ ചിലരില്‍ രോഗലക്ഷണം ഇല്ലാതെ അസുഖം പരത്താന്‍ നോറോവൈറസിനും കഴിയും. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്ന നോറോ വൈറസിന്റെ നിരവധി വകഭേദങ്ങള്‍ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളില്‍ പോലും കാണാനാകും. നോറോവൈറസിന് സംഭവിക്കുന്ന ഈ അതിവേഗ വ്യതിയാനം മൂലം പലപ്പോഴും പരിശോധന കിറ്റുകള്‍ക്ക് ഇവയെ തിരിച്ചറിയാന്‍ പോലുമായെന്ന് വരില്ല.

കോവിഡിനെ പോലെ വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളില്‍ കൂടി പകരാന്‍ നോറോവൈറസിനും സാധിക്കും. രോഗിയില്‍ നിന്നും പുറത്തുവരുന്ന വൈറസ് കണികകള്‍ മുറിയിലാകെ പരക്കുകയും പ്രതലങ്ങളില്‍ തങ്ങി നില്‍ക്കുകയും ചെയ്യും. ഇത് സ്പര്‍ശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തില്‍ രോഗപ്പകര്‍ച്ചയ്ക്ക് കാരണമാകും.

സാധാരണഗതിയില്‍ നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. കോവിഡ് മുന്‍കരുതലുകള്‍ക്ക് സമാനമായ പ്രതിരോധനടപടികള്‍ നോറോ വൈറസ് പകരാതിരിക്കാനും സ്വീകരിക്കേണ്ടതാണ്. കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. വൈറസ് ബാധിതര്‍ വീട്ടിലിരിക്കേണ്ടതും രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യേണ്ടതാണ്.രോഗികള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.