കൊയ്ത്തുയന്ത്രമില്ല; വിളഞ്ഞപാടം കൊയ്യാനാകാതെ കര്‍ഷകര്‍ ദുരിതത്തില്‍
മേപ്പയൂര്‍ : ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പരപ്പുവയലിലും കഴുക്കോട് വയലിലും കൊയ്ത്ത് യന്ത്രത്തിനായി കര്‍ഷകരുടെ കാത്തിരിപ്പ്. ഒരു മാസത്തോളമായി വിളഞ്ഞപാടം കൊയ്ത് കിട്ടാന്‍ കര്‍ഷകര്‍ യന്ത്രം വരുന്നത് കാത്തിരിക്കുകയാണ്. രണ്ടാംവിളയായി മകരം കൃഷി ചെയ്ത സ്ഥലങ്ങളാണിത്. രണ്ടിടത്തുമായി 150-ഓളം ഏക്കര്‍ സ്ഥലത്ത് കൃഷിയിറക്കിയിട്ടുണ്ട്.
ജനുവരിയില്‍ തന്നെ കൊയ്യേണ്ട നെല്ലാണ് ഫെബ്രുവരി ആദ്യവാരം കഴിഞ്ഞിട്ടും കൊയ്തെടുക്കാന്‍ സാധിക്കാതെ കിടക്കുന്നത്. നെല്ലെല്ലാം പാടത്ത് നിലത്ത് വീണുകിടക്കുകയാണ്. കാലംതെറ്റി കഴിഞ്ഞമാസം പെയ്ത മഴകാരണം പലയിടത്തും നെല്‍ക്കൃഷി വെള്ളത്തിലായിരുന്നു. കുറെ നെല്ല് ഇങ്ങനെ നഷ്ടവുമായി. ഇതിനുള്ള നഷ്ടപരിഹാരമൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടുമില്ല. അതിന് പുറമേയാണ് കൃത്യസമയത്ത് കൊയ്തെടുക്കാന്‍ പറ്റാത്ത പ്രശ്നം കര്‍ഷകരെ അലട്ടുന്നത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഒരു കൊയ്ത്ത് യന്ത്രമാണ് അഗ്രോ സര്‍വീസ് സെന്റര്‍ കേന്ദ്രീകരിച്ച് പ്രദേശത്ത് കൊയ്യാന്‍ എത്താറുള്ളത്. പേരാമ്പ്ര മേഖലയിലെ കര്‍ഷകര്‍ മുഴുവന്‍ ഇതിനെമാത്രം ആശ്രയിക്കുന്നതിനാല്‍ യഥാസമയം എല്ലാവര്ക്കും യന്ത്രം ലഭ്യമാകാത്ത സ്ഥിതിയാണ്. ഇപ്പോള്‍ യന്ത്രത്തിന്റെ ബെല്‍ട്ട് പൊട്ടി കേടായി കിടക്കുന്നതും പ്രശ്നമായി. എത്രയുംവേഗം നന്നാക്കി കൊയ്ത്തിന് എത്തിക്കുമെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
നേരത്തേ മറ്റു ജില്ലയില്‍നിന്നും തമിഴ്നാട്ടില്‍ നിന്നുമൊക്കെ കൊയ്ത്ത് യന്ത്രം എത്തിച്ചാണ് കൊയ്ത്ത് നടക്കാറുണ്ടായിരുന്നത്. അടുത്ത കാലത്ത് ബ്ലോക്കിന്റെ കൊയ്ത്ത് യന്ത്രം പ്രവര്‍ത്തന സജ്ജമായതോടെ മറ്റു യന്ത്രങ്ങള്‍ ഇവിടേക്ക് വരുത്തുന്നത് നിര്‍ത്തി. പുതിയ യന്ത്രം ഉപയോഗിച്ചാല്‍ കര്‍ഷകര്‍ക്ക് സാമ്പത്തികമായി മെച്ചവുമുണ്ടായിരുന്നു. കൂടുതല്‍ യന്ത്രങ്ങള്‍ ജില്ലയില്‍ കൃഷിവകുപ്പിന് കീഴില്‍ ലഭ്യമാക്കിയാലേ കാര്യക്ഷമമായി കൊയ്ത്ത് നടത്താനാകൂവെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക