മാധ്യമ ഫോട്ടോഗ്രാഫർക്കെതിരെ കേസെടുത്ത കൊയിലാണ്ടി സർക്കിൾ ഇൻസ്പെക്ടറുടെ നടപടിയിൽ ശക്തമായ പ്രതിഷേധം; സിപിഐഎം


കൊയിലാണ്ടി: മാധ്യമ ഫോട്ടോഗ്രാഫർ ബൈജു എംപീസിനെതിരെ ഓഫീസ് തുറന്നുവെച്ചു എന്ന കാരണം പറഞ്ഞ് കേസെടുത്ത കൊയിലാണ്ടി പോലീസ് സിഐ സന്ദീപിൻ്റെ നടപടിയിൽ സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പത്രമാധ്യമങ്ങൾക്ക് പ്രസ് ഫോട്ടോ എടുത്ത് എത്തിക്കുന്ന ബൈജു ചൊവ്വാഴ്ച മാധ്യമങ്ങൾക്ക് പടമെത്തിക്കുന്ന പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് സ്റേറഡിയത്തിലെ ഓഫീസിൽ എംഎസ്പി ക്കാരോടൊപ്പമെത്തി ഓഫീസ് തുറന്നു എന്ന കാരണം പറഞ്ഞ് കേസെടുത്തത്.

കാലത്ത് പിങ്ക് പോലീസ് കോവിഡ് രോഗിക്ക് മരുന്നെത്തിക്കുന്ന സംഭവവും കൊയിലാണ്ടി പോലീസ് വാറ്റുപകരണങ്ങൾ റെയ്ഡ് ചെയ്യുന്ന പടവും എടുത്തതിനു ശേഷം പത്രമാധ്യമങ്ങൾക്ക് പടമയക്കാനാണ് ബൈജു ഓഫീസ് തുറന്നത്. കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരും ആരോഗ്യ പ്രവർത്തകരാണെന്ന് സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്. അവർക്ക് യഥേഷ്ടം പ്രവർത്തിക്കാനുള്ള എല്ലാ സ്വാതന്ത്യവും സർക്കാർ അനുവദിച്ചിട്ടുണ്ട്. ഇക്കാര്യം ബോധ്യപ്പെടുത്തിയിട്ടും സിഐ ബോധപൂർവ്വം കേസെടുക്കുകയായിരുന്നു.

മാധ്യമ പ്രവർത്തനമാണെന്ന് ആവർത്തിച്ച് പറഞ്ഞിട്ടും കേരള കോവിഡ് എപ്പിഡമിക് ആക്ട് 448/21, 269 IPC, 4 (2) (e) & (j) rlus 3 (f) KEDO Act പകർച്ചവ്യാധി നിരോധന നിയമ പ്രകാരം കേസെടുക്കുകയായിരുന്നു. സാമൂഹ്യ പ്രവർത്തവും രാഷ്ട്രീയ പ്രവർത്തനവുമെല്ലാം നടത്തുന്നവരെ പുച്ഛത്തോടെ കാണുന്ന സമീപനമാണ് ഈ ഓഫീസർക്കുള്ളതെന്ന് പരക്കെ ആക്ഷേപമുണ്ട്. ജനങ്ങൾക്കൊപ്പം നിൽക്കേണ്ട ഈ ഓഫീസറുടെ ജന വിരുദ്ധ പ്രവൃത്തികൾ അന്വേഷിച്ച് ശക്തമായ നടപടി എടുക്കണമെന്നും ഏരിയാ സെക്രട്ടറി കെ കെ മുഹമ്മദ് കേരള സർക്കാരിനോട് പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.