കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്‍ റോഡില്‍ മാലിന്യം കുമിഞ്ഞുകൂടുന്നു
കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിന്റെ ഇരുഭാഗത്തും മാലിന്യം തള്ളുന്നത് വ്യാപകമാകുന്നു. വീടുകൾ, കടകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്ന് രാത്രികാലങ്ങളിൽ ഇരുചക്രവാഹനത്തിലെത്തി ഈ ഭാഗത്താണ് ആളുകൾ മാലിന്യം തള്ളുന്നത്. പരിസരങ്ങളിൽ ഒട്ടേറെ വീടുകളുള്ള സ്ഥലമാണിത്. അതേസമയം മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സി.സി.ടി.വി. സ്ഥാപിക്കാൻ നഗരസഭ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബാർബർഷാപ്പുകളിൽനിന്നു മുടി കൊണ്ടു തള്ളുന്നത് ഇവിടെയാണ്. മാലിന്യംകാരണം തെരുവുപട്ടികളും ഈ ഭാഗത്ത് കൂടിവരികയാണ്. ദിവസേന ഒട്ടേറെപ്പേർ കടന്നുപോകുന്ന റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡിലാണ് മാലിന്യമേറെയും തള്ളുന്നത്. നഗരസഭ ഇത് നീക്കംചെയ്യാത്തത് കാരണം മാലിന്യം ദിവസേന കൂടുകയാണ്.
ചീഞ്ഞളിഞ്ഞ് ദുർഗന്ധവും വമിക്കുന്നുണ്ട്. ശുചിത്വം ഉറപ്പാക്കുന്നതിൽ നഗരസഭാധികാരികൾ അലംഭാവം കാട്ടുകയാണെന്ന് പരിസരവാസികൾ കുറ്റപ്പെടുത്തി. മാലിന്യാവശിഷ്ടം കാക്കകളും മറ്റും കൊത്തിയെടുത്ത് കിണറുകളിൽ കൊണ്ടിടുന്നത് രോഗഭീഷണിയുണ്ടാക്കുന്നു.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക