കൊയിലാണ്ടി മുചുകുന്നിൽ വ്യാജമദ്യ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്; വീട്ടുപറമ്പിൽ നിന്ന് 20 ലിറ്റർ വാഷ് പിടിച്ചെടുത്തു


കൊയിലാണ്ടി: മൂടാടി മുചുകുന്ന് ഗവ.കോളേജിന് സമീപം വ്യാജമദ്യ നിർമ്മാണ കേന്ദ്രത്തിൽ പോലീസ് റെയ്ഡ്. മുചുകുന്ന് കോളേജിന് പിൻവശത്ത് ആളൊഴിഞ്ഞ
വീട്ട് പറമ്പിലാണ് കൊയിലാണ്ടി പോലീസ് റെയ്ഡ് നടത്തിയത്. വീടിനോട് ചേർന്ന ബാത്ത് റൂമിൽ നിന്ന് വ്യാജമദ്യം നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ 20 ലിറ്ററോളം വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

ബാത്ത് റൂമിൽ ഡ്രമ്മിൽ സൂക്ഷിച്ചനിലയിലാണ് വാഷ് കണ്ടെത്തിയത്. സ്പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് റെയ്ഡ് നടത്തിയത്. കൊയിലാണ്ടി സ്റ്റേഷൻ എസ്.ഐ മാരായ ഷീജു, ജെറോൾഡ്, എഎസ്ഐ പ്രകാശൻ, ജ്യോതിഷ് രാജ് എന്നീ പോലീസുകാരാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സംഭവത്തിൽ കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.