കൊയിലാണ്ടി മത്സ്യമേഖല സ്തംഭിച്ചു; വറുതിയുടെ നാളുകൾ നീണ്ടുപോകുമോ?


കൊയിലാണ്ടി: ലോക് ഡൗൺ നിയന്ത്രണങ്ങൾ കർശനമായതോടെ നിശ്ചലമായിരിക്കയാണ് ഹാർബർ ഉൾപ്പെടെയുള്ള തീരദേശ മേഖല. വറുതിയുടെ നാളുകൾ നീണ്ടു പോയേക്കുമോ എന്ന ആധിയിലാണ് തീരദേശവാസികൾ. നിരവധി ആളുകളാണ് ഹാർബർ കേന്ദ്രീകരിച്ച് തൊഴിൽ ചെയ്യുന്നത്. ഇതെല്ലാം തന്നെ നിർത്തി വെക്കേണ്ട സാഹചര്യം വലിയ പ്രതിസന്ധിയാണ് ഇവിടത്തെ ജനജീവിതത്തിൽ സൃഷ്ടിച്ചിരിക്കുന്നത്.

സർക്കാർ നൽകുന്ന റേഷനരിയും ഭക്ഷ്യ കിറ്റും ആശ്വാസം പകരുന്നുണ്ടെങ്കിലും ലോക്ഡൗൺ നീണ്ടു പോയാൽ വായ്പാ തിരിച്ചടവിനും മറ്റ് ചെലവുകൾക്കും വേണ്ട തുക എങ്ങനെ കാണുമെന്ന ആശങ്കയിലാണ് മിക്കആളുകളും. കാലാവസ്ഥ വ്യതിയാനവും മത്സ്യ ക്ഷാമവും, തീർത്ത പ്രതിസന്ധിക്കു മുകളിലാണ് കോവിഡിന്റെ ആഘാതവും
മത്സ്യ തൊഴിലാളികൾക്കുമേൽ വന്നുപതിക്കുന്നത്. പറഞ്ഞറിയിക്കാൻ പറ്റാത്ത ദുരിതക്കയത്തിലകപ്പെട്ട അവസ്ഥയിലാണ് ഇവരിപ്പോൾ. ദുരിതത്തിലായ മത്സ്യമേഖലയെ സംരക്ഷിക്കാൻ അധികാരികൾ രംഗത്തുവരണം എന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.