കൊയിലാണ്ടി മണമലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്


കൊയിലാണ്ടി: മണമലില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.

പരുക്കേറ്റ ഓട്ടോ ഡ്രൈവര്‍ പന്തലായനി സ്വദേശി രതീഷിനെയും ഓട്ടോയിലുണ്ടായ യാത്രക്കാരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആരുടെയും പരിക്ക് ഗുരുതരമല്ല.

പേരാമ്പ്ര ഭാഗത്തുനിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന കാറും കൊയിലാണ്ടിയില്‍ നിന്ന് പോകുകയായിരുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. കൊയിലാണ്ടി അഗ്നിരക്ഷാസേനാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.

എ.എസ്.ടി.ഒ പ്രമോദ് പി.ക, എസ്.എഫ്.ആര്‍.ഒ റഫീഖ് കെ.ടി, ഫയര്‍മാന്‍മാരായ ശ്രീകാന്ത്, ജിനീഷ് കുമാര്‍, അരുണ്‍, അഖില്‍, അമല്‍രാജ്, ഹോം ഗാര്‍ഡുമാരായ ഓം പ്രകാശ്, സത്യന്‍, ഡ്രൈവര്‍മാരായ രാകേഷ്, സന്ദീപ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്.