കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ഫയര്‍മാന്റെ ഇടപെടലില്‍ ബാലുശ്ശേരിയില്‍ ഒഴിവായത് വന്‍ തീപിടിത്തം


ബാലുശ്ശേരി: കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് യൂണിറ്റിലെ ജീവനക്കാരന്റെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ തീ പിടിത്തം. ബാലുശ്ശേരിക്ക് സമീപം പനായി ജംഗ്ഷനിലായിരുന്നു സംഭവം.

കൊയിലാണ്ടി ഫയര്‍ ഫോഴ്‌സിലെ ഫയര്‍മാനായ ജിനീഷ് കുമാര്‍ ഡ്യൂട്ടിക്കായി ബാലുശ്ശേരിയില്‍ നിന്ന് കൊയിലാണ്ടിയിലേക്ക് വരികയായിരുന്നു. പനായി ടൗണിലെത്തിയപ്പോള്‍ അവിടെ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ നിന്ന് തീയും പുകയും ഉയരുന്നത് ജിനീഷ് കുമാര്‍ കണ്ടു. ആളുകള്‍ എല്ലാവരും ബൈക്കിന് അടുത്ത് നിന്ന് ദൂരെ മാറി നില്‍ക്കുകയായിരുന്നു.

ഉടന്‍ ജിനീഷ് കുമാര്‍ ബൈക്കിനടുത്ത് എത്തുകയും ബാഗിലെ കുപ്പിവെള്ളം ഒഴിച്ച് തീ കെടുത്തുകയും ചെയ്തു. ബാറ്ററി ഷോര്‍ട്ട് ആയതായിരുന്നു തീ പിടിക്കാന്‍ കാരണമെന്ന് അദ്ദേഹം മനസിലാക്കി. ജിനീഷിന്റെ ഇടപെടലിലൂടെ വലിയ അപകടമാണ് ഒഴിവായത്. കൃത്യ സമയത്ത് തീ കെടുത്തിയില്ലായിരുന്നെങ്കില്‍ തീ ആളിക്കത്തുകയും ബൈക്ക് പൂര്‍ണ്ണമായും കത്തുകയും പൊട്ടിത്തെറിക്കുകയും ചെയ്യുമായിരുന്നു.