കൊയിലാണ്ടി പൂക്കാട് പെറ്റ് മാളില്‍ നിന്നും പേര്‍ഷ്യന്‍ പൂച്ചയെ മോഷ്ടിച്ചത് മൂന്നംഗ സംഘം; സി.സി.ടി.വി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്


കൊയിലാണ്ടി: പൂക്കാട് ടൗണിലെ പണ്ടോര പെറ്റ് മാളില്‍ നിന്നും പണവും പൂച്ചയും മോഷണം പോയ സംഭവത്തില്‍ മോഷ്ടാക്കള്‍ കടയില്‍ കയറുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്. പുലര്‍ച്ചെ മൂന്നുമണിയോടെ കടയുടെ പൂട്ടുപൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കയറിയത്.

രണ്ടുദിവസം മുമ്പായിരുന്നു സംഭവം. രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞതെന്ന് കടയുടമകളിലൊരാളായ പ്രമിലേഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. 15000 രൂപയോളം വില വരുന്ന പേര്‍ഷ്യന്‍ പൂച്ചയും ആറായിരത്തോളം രൂപയുമാണ് മോഷണം പോയതെന്നും അദ്ദേഹം പറഞ്ഞു.

ബൈക്കിലെത്തിയ മൂന്നുപേരില്‍ രണ്ടുപേര്‍ കടയില്‍ കയറി പൂച്ചയെ കൊണ്ടുപോകുന്നതാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നത്. ഗ്ലാസിന്റെ ഡോര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അന്നേദിവസം തന്നെ കൊയിലാണ്ടിയിലെ ഇന്‍ഡസ് മോട്ടോഴ്‌സ് സര്‍വ്വീസ് സെന്ററില്‍ ഇതേ പ്രതികള്‍ മോഷണം നടത്താന്‍ ശ്രമിച്ചതായി പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇന്‍ഡസ് സര്‍വ്വീസ് സെന്ററിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ച ഇവര്‍ അവിടുത്തെ ക്യാമറയും നശിപ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് പണ്ടോര പെറ്റ് മാളിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു.