കൊയിലാണ്ടി നഗരത്തിലൂടെ കൊച്ചുകുട്ടിയെക്കൊണ്ട് അപകടകരമായി കാറോടിപ്പിച്ച ആള്‍ക്കെതിരെ പൊലീസ് മതിയായ നടപടിയെടുത്തില്ലെന്ന് ആക്ഷേപം; കുട്ടി കാര്‍ ഓടിക്കുന്നതിന്റെ വീഡിയോ പുറത്ത് (വീഡിയോ കാണാം)


കൊയിലാണ്ടി: കൊച്ചുകുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ കാറോടിപ്പിച്ച ആള്‍ക്കെതിരെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടും നിസാര പിഴ ഈടാക്കി വിട്ടയച്ചെന്ന് ആക്ഷേപം. കഴിഞ്ഞ ശനിയാഴ്ചയാണ് ദേശീയപാതയിലൂടെ കുട്ടിയെ മടിയില്‍ വച്ച് മലപ്പുറം സ്വദേശി അപകടകരമായ രീതിയില്‍ കാറോടിച്ചത്.

കൊച്ചുകുട്ടി കാറോടിക്കുന്നത് കണ്ട ബൈക്ക് യാത്രക്കാരായ ചിലരാണ് കാറിനെ പിന്തുടർന്ന് കുട്ടി കാറോടിക്കുന്നതിന്റെ വീഡിയോ പകര്‍ത്തിയത്. കുട്ടിയുടെ കൈകള്‍ വണ്ടിയുടെ സ്റ്റിയറിങ് വളയത്തില്‍ പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയാണ് അവർ കൊയിലാണ്ടി ട്രാഫിക് പൊലീസിൽ പരാതി നൽകിയത്.

പരാതി ഗൗരവമുള്ളതായതിനാല്‍ ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൈമാറി. തുടര്‍ന്ന് കുറ്റക്കാരനായ മലപ്പുറം സ്വദേശിയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. എന്നാല്‍ ഗൗരവമുള്ള കേസായിട്ട് പോലും വെറും 2000 രൂപ പിഴയടപ്പിച്ച് ഇയാളെ വിട്ടു എന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


മുസ്ലിം ലീഗാണ് ഇയാള്‍ക്കായി ഇടപെടല്‍ നടത്തിയതെന്നാണ് പരാതിക്കാര്‍ ആരോപിക്കുന്നത്. ഒരു ലീഗ് കൗണ്‍സിലറാണ് നിസാരമായ പിഴ ഈടാക്കി മലപ്പുറം സ്വദേശിയെ ഇറക്കിയതെന്നും ഇവര്‍ ആരോപിക്കുന്നു.

സമാനമായ കേസുകളില്‍ വലിയ തുകയാണ് പിഴയായി ഈടാക്കാറുള്ളത് എന്നും പരാതിക്കാര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഇടുക്കിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടി കാറോടിച്ചതിന് രക്ഷിതാവിന് 25,000 രൂപ പിഴയിട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇത്ര ഗൗരവമായ കേസായിട്ടും നിസാരമായ പിഴ ഈടാക്കിയത് വലിയ വീഴ്ചയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.

അതേസമയം കാറോടിച്ചയാളില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കിയ ശേഷം വിട്ടയച്ചുവെന്ന് കൊയിലാണ്ടി സി.ഐ സുനില്‍കുമാര്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സ്ഥിരീകരിച്ചു. കുട്ടി കാറോടിച്ചിരുന്നില്ല, ഓടിച്ചയാളുടെ മടിയിലിരിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഇതും നിയമലംഘനമാണ്. ഇതിന് തക്കതായ പിഴയാണ് ഈടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

കൊയിലാണ്ടി ദേശീയപാതയിൽ തുടർച്ചയായി വാഹനാപകടങ്ങളും മരണങ്ങളും ഉണ്ടാകുന്ന പശ്ചാത്തലത്തിൽ കോരപ്പുഴ മുതൽ നന്തി ഇരുപതാം മൈൽ വരെ നിരീക്ഷണത്തിനായി മഫ്ടി പൊലീസുകാരെ വിന്യസിക്കാൻ കഴിഞ്ഞ ദിവസമാണ് പൊലീസ് തീരുമാനിച്ചത്. നിരീക്ഷണത്തിൽ നിയമലംഘനം നടത്തുന്നവരെ കണ്ടെത്തി അവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അതേ പൊലീസാണ് ഗുരുതരമായ നിയമലംഘനം നടത്തിയ വ്യക്തിയെ നിസാരമായ പിഴ ചുമത്തി വിട്ടയച്ചത് എന്നത് വിരോധാഭാസമാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.

വീഡിയോ കാണാം:


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.