കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു


 

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സന്നദ്ധ പ്രവർത്തകനെ ഗുണ്ടാസംഘം വളഞ്ഞിട്ട് ആക്രമിച്ചു. ഞായറാഴ്ച രാത്രി കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം വെച്ചായിരുന്നു സംഭവം. കൊവിഡ് രോഗിയുമായി എത്തിയ മുചുകുന്ന് സ്വദേശി വിജേഷിനെയാണ് സംഘം മര്‍ദ്ദിച്ചത്. കോതമംഗലം സ്വദേശി സുഭാഷിന്റെ നേതൃത്വത്തിലുളള സംഘമാണ് ആക്രമിച്ചതെന്ന് വിജീഷ് പൊലീസിന് മൊഴി നല്‍കി.

 

ആക്‌സിഡണ്ട് കേസുമായി എത്തിയ സംഘം ആശുപത്രിയില്‍ ബഹളമുണ്ടാക്കുകയും ആശുപത്രി ജീവനക്കാരുള്‍പ്പടെയുള്ളവരുമായി തട്ടിക്കയറുകയുമായിരുന്നു. ഇവരെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘം ഒ.കെ.വിജീഷിനെ ക്രൂരമായി മര്‍ദ്ദിച്ചത്. മുചുകുന്ന് പ്രദേശത്ത് സന്നദ്ധസേവന രംഗത്ത് രാപ്പകലില്ലാതെ ഓടി നടന്നു പ്രവർത്തിക്കുന്നയാളാണ് വിജീഷ്.

കോവിഡ് രൂക്ഷമായ കാലം മുതൽ ദയ പാലിയേറ്റിവ് വളണ്ടിയറായി പ്രദേശത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയതോടെയാണ് അക്രമി സംഘം പിന്തിരിഞ്ഞത്. സന്നദ്ധ പ്രവർത്തകന് നേരെയുള്ള ആക്രമത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.