കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഇനി ഡിജിറ്റൽ സേവനങ്ങൾ; ഇ-ഹെൽത്ത് പദ്ധതി ഉദ്ഘാടനം ഇന്ന്


കൊയിലാണ്ടി: സേവനങ്ങൾ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച നിലവാരത്തിലും കൃത്യതയോടെയും എല്ലാ ജനവിഭാഗങ്ങൾക്കും ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ള ഇ-ഹെൽത്ത് പദ്ധതി കൊയിലാണ്ടി താലൂക്ക് ആശുുപത്രിയിലും.

പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിക്ക് ആരോഗ്യ-സാമൂഹിക നീതി മന്ത്രി കെ.കെ. ശൈലജ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഹോസ്പിറ്റൽ ലാബിന് അനുവദിച്ച ട്രൂനാറ്റ് മെഷ്യൻ ഉദ്ഘാടനം കെ.ദാസൻ എം.എൽ.എ നിർവ്വഹിക്കും. ഐസിടിസിക്ക് നാഷണൽ (എൻഎബിഎൽ) അക്രെഡിറ്റേഷൻ ലഭിച്ചതിന്റെ അനുമോദനവും ചടങ്ങിൽ വെച്ച് നടക്കും.

ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്ന ഓരോരുത്തരുടെയും ആരോഗ്യസംബന്ധമായ വിവരങ്ങൾ കംപ്യൂട്ടറിൽ ശേഖരിക്കുകയും ഈ വിവരങ്ങൾ അവരുടെ തുടർച്ചികിത്സയ്ക്ക് അനുഗുണമായ രീതിയിൽ ഉപയോഗപ്പെടുത്താനും ഇ-ഹെൽത്ത് പദ്ധതി വഴി സാധ്യമാവും. ഇതിനായി അറുപതോളം മിനി കംപ്യൂട്ടറുകൾ, ബാർകോഡ് സ്കാനറുകൾ, യു.എച്ച്.ഐ.ഡി പ്രിന്ററുകൾ, മറ്റ് അനുബന്ധ ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ എന്നിവ ആശുപത്രിയിൽ സ്ഥാപിക്കും.

ഡോക്ടർമാർ ഉൾപ്പെടെയുള്ള മുഴുവൻ ആശുപത്രി ജീവനക്കാർക്കും ഇ-ഹെൽത്ത് പദ്ധതിയിൽ പരിശീലനം നൽകും. ആശുപത്രിയിൽ പരിശോധനയ്ക്ക് എത്തുന്ന എല്ലാവർക്കും വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ രേഖ (യുണീഖ്‌ ഹെൽത്ത് ഐഡന്റിഫിക്കേഷൻ നമ്പർ) നൽകും. രോഗിയുടെ രജിസ്‌ട്രേഷൻ, ഒ.പി. പരിശോധനകൾ, അഡ്മിറ്റ് ചെയ്യുമ്പോഴുള്ള ചികിത്സാവിവരങ്ങൾ, ലബോറട്ടറി പരിശോധനകൾ, ഫാർമസി വിവരങ്ങൾ തുടങ്ങി ഡിസ്ച്ചാർജ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ മുഴുവനും കംപ്യൂട്ടർവത്കരിക്കും.

ഒ.പി പരിശോധനയ്ക്കായി ഡോക്ടറുടെ അടുത്തേക്കെത്തുന്നതോടെ രോഗിയുടെ അസുഖവിവരങ്ങൾ അടക്കമുള്ള കാര്യങ്ങൾ പരിശോധനാ ടേബിളിലെ കംപ്യൂട്ടർ സ്‌ക്രീനിൽ കാണാം. യു.എച്ച്.ഐ.ഡി കാർഡ് നമ്പർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കുന്നതോടെ ഡോക്ടറെ കാണേണ്ട തീയതിയും സമയവും മുൻകൂറായി രോഗിക്ക് മൊബൈൽ ആപ്പ് വഴിതന്നെ നിശ്ചയിക്കാം. രോഗിക്ക് അനുവദിക്കപ്പെട്ട സമയത്തുമാത്രം ആശുപത്രിയിൽ പോയാൽ മതിയാവും.

ആശുപത്രികളിലെ ലാബ് പരിശോധനാ ഫലമടക്കമുള്ള എല്ലാ വിശദാംശങ്ങളും സന്ദേശമായി ഫോണിൽ ലഭിക്കും. അതെല്ലാം ഡോക്ടറുടെ പരിശോധനാ ടേബിളിലെ കംപ്യൂട്ടറിലേക്കെത്തും. രോഗികൾക്ക് തുടർപരിശോധനയ്ക്കും മുൻകൂറായി ബുക്ക് ചെയ്യാവുന്നതാണ്. ഒരിക്കൽ യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കുകയും ചികിത്സ നേടുകയും ചെയ്താൽ പിന്നീട് ഇ-ഹെൽത്ത് അധിഷ്ഠിത സംവിധാനമുള്ള മറ്റ് ആശുപത്രികളിൽ പോയാലും കാർഡ് റീഡ് ചെയ്യുക വഴി രോഗിയുടെ മുൻകാല രോഗവിവരങ്ങൾ എളുപ്പത്തിൽ നൽകാൻ കഴിയും.

കെ.ദാസൻ എംഎൽഎ യുടെ ആസ്തിവികസന ഫണ്ടിൽനിന്നും 65 ലക്ഷം രൂപ വിനിയോഗിച്ചാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. കെൽട്രോണിന്റെ ഇലക്‌ട്രോണിക്സ് വിഭാഗത്തിനാണ് നിർമാണച്ചുമതല.