കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു; പുതിയ കെട്ടിടത്തിന്റെ ആദ്യ ഘട്ട നിര്‍മ്മാണത്തിന് ടെന്‍ഡറായി


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ നിര്‍മ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ആദ്യ ഘട്ട നിര്‍മ്മാണം ടെന്‍ഡര്‍ ചെയ്തതായി കെ ദാസന്‍ എംഎല്‍എ അറിയിച്ചു. കിഫ്ബിയില്‍ നിന്നും അനുവദിച്ച 24 കോടി രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം. ചെറുതും വലുതുമായ എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റിയാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാപ്‌കോസ് ആണ് പ്രവൃത്തി ടെന്‍ഡര്‍ ചെയ്തത്. ഫെബ്രുവരി എട്ടിന് ശേഷം ടെന്‍ഡര്‍ തുറക്കും.

പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് ഒമ്പത് നിലകളാണ് ഉണ്ടാവുക. ആദ്യ ഘട്ടത്തില്‍ ഗ്രൗണ്ട് ഫ്ലോർ കൂടാതെ ഒന്നും രണ്ടും നിലകളാണ് നിര്‍മ്മിക്കുന്നത്. ആകെ 5685 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയാണ് കെട്ടിടത്തിനുണ്ടാവുക. ഗ്രൗണ്ട് ഫ്ലോറിൽ റിസപ്ഷന്‍, ഓഫീസ്, ഫാര്‍മസി, എല്ലാ വിഭാഗം സ്‌പെഷ്യാലിറ്റി ഒപികള്‍, എക്‌സറേ, പോലീസ് ഇന്‍ക്വസ്റ്റ് മുറികള്‍, മോര്‍ച്ചറി, ഇലക്ട്രിക്കള്‍ റൂം, സെക്യൂരിറ്റി റും, ഫയര്‍ കണ്‍ട്രോള്‍ റൂം എന്നിവ സജ്ജീകരിക്കും.

ഒന്നാമത്തെ നിലയില്‍ ഗൈനക്കോളജി വിഭാഗം, ദന്തല്‍ വിഭാഗം, ഡോക്ടേഴ്‌സ് റൂം, കൗണ്‍സിലിംങ് റൂം, മെഡിക്കല്‍ റെക്കോര്‍ഡ് റൂം, എന്നിവയുണ്ടാകും. രണ്ടാമത്തെ നിലയില്‍ കഫ്റ്റീരിയ, ബ്ലഡ് സ്റ്റോറേജ് റൂം, ലാബുകള്‍, ഐസിയുകള്‍, എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ബയോഗ്യാസ് പ്ലാന്റ്, വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റമെന്റ് പ്ലാന്റ്, സെന്‍ട്രലൈസ്ഡ് മെഡിക്കല്‍ ഗ്യാസ് സിസ്റ്റം എന്നിവയും ഒരുക്കും.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക