കൊയിലാണ്ടി താലൂക്ക് ആശുപത്രി സ്മാര്‍ട്ടാകുന്നു; ഇ-ഹെല്‍ത്ത് പദ്ധതിക്കായി 87 ലക്ഷം രൂപ അനുവദിച്ചു
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലും തിരുവങ്ങൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിലും ഇ. ഹെല്‍ത്ത് സംവിധാനമൊരുങ്ങുന്നു. ആശുപത്രിയിലെ പ്രവര്‍ത്തനങ്ങള്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി പരസ്പരം ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ചികിത്സ തേടിയെത്തുന്ന വ്യക്തികളുടെ വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കാനാകും. കെ. ദാസന്‍ എം.എല്‍.എ. യുടെ ആസ്തിവികസന ഫണ്ടില്‍ നിന്നനുവദിച്ച 87 ലക്ഷം രൂപ വിനിയോഗിച്ചാണ് രണ്ടിടത്തും ഇ.ഹെല്‍ത്ത് പദ്ധതി ആരംഭിക്കുന്നത്.
താലൂക്കാശുപത്രിയില്‍ 65 ലക്ഷവും തിരുവങ്ങൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 22 ലക്ഷവുമാണ് ഇതിനായി വിനിയോഗിക്കുന്നതെന്ന് കെ. ദാസന്‍ എം.എല്‍.എ. പറഞ്ഞു. രണ്ട് പദ്ധതികളുടെയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പ്രവൃത്തികള്‍ അടുത്ത ദിവസം ആരംഭിക്കും.
കെല്‍ട്രോണിന്റെ ഇലക്ട്രോണിക്സ് വിഭാഗത്തിനാണ് നിര്‍മാണച്ചുമതല. ആശുപത്രി സേവനങ്ങളെ വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച നിലവാരത്തിലും കൃത്യതയോടെയും എല്ലാ ജനവിഭാഗങ്ങള്‍ക്കും ലഭ്യമാക്കുക എന്നതാണ് ഇ-ഹെല്‍ത്ത് പദ്ധതിയുടെ ലക്ഷ്യം. ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്ന ഓരോരുത്തരുടെയും ആരോഗ്യസംബന്ധമായ വിവരങ്ങള്‍ കംപ്യൂട്ടറില്‍ ശേഖരിക്കുകയും ഈ വിവരങ്ങള്‍ അവരുടെ തുടര്‍ചികിത്സയ്ക്ക് അനുഗുണമായ രീതിയില്‍ ഉപയോഗപ്പെടുത്താനും ഇതുവഴി സാധ്യമാവും. ഇതിനായി അറുപതോളം മിനി കംപ്യൂട്ടറുകള്‍, ബാര്‍കോഡ് സ്‌കാനറുകള്‍, യു.എച്ച്.ഐ.ഡി.പ്രിന്ററുകള്‍, മറ്റ് അനുബന്ധ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ ആശുപത്രിയില്‍ സ്ഥാപിക്കും.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ആശുപത്രി ജീവനക്കാര്‍ക്കും ഇ-ഹെല്‍ത്ത് പദ്ധതിയില്‍ പരിശീലനം നല്‍കും. ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തുന്ന എല്ലാവര്‍ക്കും വ്യക്തിഗത ആരോഗ്യ തിരിച്ചറിയല്‍ രേഖ (യുനീക്ക് ഹെല്‍ത്ത് ഐഡന്റിഫിക്കേഷന്‍ നമ്പര്‍)നല്‍കും.
രോഗിയുടെ രജിസ്ട്രേഷന്‍, ഒ.പി. പരിശോധനകള്‍, അഡ്മിറ്റ് ചെയ്യുമ്പോഴുള്ള ചികിത്സാവിവരങ്ങള്‍, ലബോറട്ടറി പരിശോധനകള്‍, ഫാര്‍മസി വിവരങ്ങള്‍ തുടങ്ങി ഡിസ്ചാര്‍ജ് ചെയ്യുന്നത് വരെയുള്ള കാര്യങ്ങള്‍ മുഴുവനും കംപ്യൂട്ടര്‍വത്കരിക്കും. ഒ.പി. പരിശോധനക്കായി ഡോക്ടറുടെ അടുത്തേക്കെത്തുന്നതോടെ രോഗിയുടെ അസുഖ വിവരങ്ങള്‍ അടക്കമുള്ള കാര്യങ്ങള്‍ പരിശോധനാ ടേബിളിലെ കംപ്യൂട്ടര്‍ സ്‌ക്രീനിലെത്തും. ഈ യു.എച്ച്.ഐ.ഡി. കാര്‍ഡ് നമ്പര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതോടെ ഡോക്ടറെ കാണേണ്ട തീയതിയും സമയവും മുന്‍കൂറായി രോഗിക്ക് മൊബൈല്‍ ആപ് വഴിതന്നെ നിശ്ചയിക്കാം. രോഗിക്ക് അനുവദിക്കപ്പെട്ട സമയത്തുമാത്രം ആശുപത്രിയില്‍ പോയാല്‍ മതി.
ആശുപത്രികളിലെ ലാബ് പരിശോധന ഫലമടക്കമുള്ള എല്ലാ വിശദാംശങ്ങളും സന്ദേശമായി ഫോണില്‍ ലഭിക്കും. അതെല്ലാം ഡോക്ടറുടെ പരിശോധനാ ടേബിളിലെ കംപ്യൂട്ടറിലേക്കെത്തും. രോഗികള്‍ക്ക് തുടര്‍ പരിശോധനയ്ക്കും മുന്‍കൂറായി ബുക്ക് ചെയ്യാവുന്നതാണ്. ഒരിക്കല്‍ യു.എച്ച്.ഐ.ഡി. കാര്‍ഡ് ലഭിക്കുകയും ചികിത്സ നേടുകയും ചെയ്താല്‍ പിന്നീട് ഇ- ഹെല്‍ത്ത് അധിഷ്ഠിത സംവിധാനമുള്ള മറ്റ് ആശുപത്രികളില്‍ പോയാലും കാര്‍ഡ് റീഡ് ചെയ്യുകവഴി രോഗിയുടെ മുന്‍കാല രോഗവിവരങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ കഴിയും.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക