കൊയിലാണ്ടി-താമരശ്ശേരി-എടവണ്ണ സംസ്ഥാന പാത നാലുവരിയാവുന്നു; പ്രവൃത്തി ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി – എടവണ്ണ സംസ്ഥാനപാത ആധുനിക സൗകര്യങ്ങളോടെ നവീകരിക്കും. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 222 കോടി രൂപ ചെലവഴിച്ചുള്ള നവീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവ്വഹിച്ചു. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരൻ അധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലയിൽ വരുന്ന കൊയിലാണ്ടി മുതൽ എരഞ്ഞിമാവ് വരെയുള്ള 51.02 കിലോ മീറ്റർ റോഡിന്റെ പുനർനിർമ്മാണത്തിന്റെ ടെണ്ടർ നടപടി മാസങ്ങൾക്ക് മുമ്പെ പൂർത്തിയായിരുന്നു. മലപ്പുറം ജില്ലയുടെ ഭാഗമായ റീച്ച് നേരത്തെ 100 കോടി രൂപയ്ക്ക് ടെണ്ടർ ചെയ്തിരുന്നു. കൊയിലാണ്ടി-പൂന്നൂർ, പൂന്നൂർ-ഓമശ്ശേരി, ഓമശ്ശേരി-എരഞ്ഞിമാവ് എന്നീ മൂന്ന് റീച്ചുകളിലായാണ് ജില്ലയിലെ പ്രവൃത്തി നടക്കുക. തിരുവനന്തപുരം ആസ്ഥാനമായ ശ്രീധന്യ കൺസ്ട്രക്ഷൻസിനാണ് പ്രവൃത്തിയുടെ കരാർ ലഭിച്ചത്.

ആവശ്യമായ വീതി ലഭ്യമാകുന്ന ഇടങ്ങളിൽ 12 മീറ്റർ കാര്യേജ് വേ ആയി ആധുനിക സൗകര്യങ്ങളോടെയാണ് റോഡിന്റെ നവീകരണം. കലുങ്കുകൾ, പാലങ്ങൾ, എന്നിവയുടെ നിർമ്മാണവും പരിപാലനവും, ഡ്രെയ്നേജുകൾ, ടൈൽ വിരിച്ച് ഹാൻഡ് റെയിലോടു കൂടിയ നടപ്പാതകൾ, പ്രധാന ജംഗ്ഷനുകളുടെ സൗന്ദര്യവൽക്കരണം, തെരുവുവിളക്കുകൾ തുടങ്ങിയ സംവിധാനങ്ങളോടെയാണ് നവീകരണം നടക്കുക. ഉടൻ പ്രവൃത്തി ആരംഭിക്കുമെന്ന് ശ്രീധന്യ കൺസ്ട്രക്ഷൻസ് അറിയിച്ചിട്ടുണ്ട്. 18 മാസമാണ് പദ്ധതിയുടെ നിർമ്മാണ കാലയളവ്.